കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭയാനകമായ റോഡ് അപകടത്തിൽ 50 ലധികം പേർ മരിച്ചു. ഇറാനിൽ നിന്ന് മടങ്ങിയ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് പോയ ഒരു ബസ് ഒരു ട്രക്കിലും, മോട്ടോർ സൈക്കിളിലും ഇടിച്ച് കയറിയാണ് അപകടം നടന്നത്. പ്രാദേശിക പോലീസും ഒരു പ്രവിശ്യാ ഉദ്യോഗസ്ഥനുമാണ് ഈ ഭയാനകമായ അപകടത്തിന്റെ വിവരങ്ങൾ അറിയിച്ചത്.
ബസിന്റെ അമിത വേഗതയും അശ്രദ്ധയും മൂലമാണ് അപകടം സംഭവിച്ചതെന്ന് ഹെറാത്ത് പ്രവിശ്യാ പോലീസ് പറഞ്ഞു. ഇറാനിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ അഫ്ഗാനികളെ വഹിച്ചുകൊണ്ട് തലസ്ഥാനമായ കാബൂളിലേക്ക് ബസ് പോകുകയായിരുന്നുവെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി വാർത്ത ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. സമീപ മാസങ്ങളിൽ ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ടതോ നിർബന്ധിച്ച് പുറത്താക്കിയതോ ആയ ഒരു വലിയ അഫ്ഗാൻ സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ.
ഇസ്ലാം കല എന്ന സ്ഥലത്ത് നിന്നാണ് എല്ലാ യാത്രക്കാരും ബസിൽ കയറിയതെന്ന് സയീദി പറഞ്ഞു. ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുജാര ജില്ലയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഭൂരിഭാഗവും ബസിൽ യാത്ര ചെയ്തവരായിരുന്നു. ട്രക്കിൽ യാത്ര ചെയ്ത 2 പേരും മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തവരും അപകടത്തിൽ കൊല്ലപ്പെട്ടു.
അതേ സമയം അഫ്ഗാനിസ്ഥാനിൽ പതിറ്റാണ്ടുകളായി സംഘർഷം നിലനിൽക്കുന്നതിനാൽ മോശം റോഡുകൾ, ഹൈവേകളിലെ അപകടകരമായ ഡ്രൈവിംഗ്, നിയമങ്ങൾ അവഗണിക്കൽ തുങ്ങിയവ കാരണം നിരവധി റോഡപകടങ്ങൾ നടക്കാറുണ്ട്. അഫ്ഗാനിസ്ഥാനിലെ മിക്ക ബസുകളും പഴയതും സാങ്കേതികമായി സുരക്ഷിതമല്ലാത്തതുമാണ്. ഇതും അപകടങ്ങൾക്ക് ഒരു പ്രധാന കാരണവുമാണ്.
2016 മെയ് മാസത്തിൽ അഫ്ഗാനിസ്ഥാന്റെ തെക്കൻ പ്രവിശ്യയായ സാബൂളിലെ കാണ്ഡഹാർ-കാബൂൾ ഹൈവേയിൽ 2 പാസഞ്ചർ ബസുകളും ഒരു ട്രക്കും കൂട്ടിയിടിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ വാഹനങ്ങൾക്ക് തീപിടിച്ച് 73 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
















