ഭാരതത്തിന് സഹസ്രാബ്ദങ്ങളുടെ കാര്‍ഷിക പാരമ്പര്യമുണ്ട്. കൃഷി എന്നത് സാധാരണ മനുഷ്യന്‍ തുടങ്ങി വച്ച ഏറ്റവും മനോഹരമായ ജീവിത ഉപാധിയാണ്. തലമുറകളുടെ നിരീക്ഷണങ്ങളും കൈമാറി വന്ന അനുഭവങ്ങളുടെയും ആകെത്തുകയാണ് നമ്മുടെ തനത് കൃഷി സമ്പ്രദായങ്ങള്‍ അഥവാ പാരമ്പര്യ കൃഷി. നിരീക്ഷണങ്ങളില്‍ കൂടിയുള്ള കണ്ടെത്തലിനെ ആണ് ആധുനികലോകം ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഭാരതത്തിന്റെ കാര്‍ഷിക സംസ്‌കൃതിയെ യഥാര്‍ത്ഥ ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
നമ്മുടെ കൃഷി സമ്പ്രദായങ്ങള്‍ പരമ്പരാഗതമായ ഒരു ജീവിതശൈലിയാണ്. അത് കേവലം സാമ്പത്തിക ഇടപാട് മാത്രമായിരുന്നില്ല. മറിച്ച് അടിസ്ഥാന ജീവിതരീതിയും പ്രാഥമിക ആവശ്യങ്ങളെ സാക്ഷാത്കരിക്കുന്ന ധര്‍മ്മ വ്യവസ്ഥയുമായിരുന്നു. ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിന് മുമ്പ് കേരളത്തില്‍ കാര്‍ഷിക സമൂഹങ്ങളില്‍ സ്വയം പര്യാപ്തതയുള്ള ഒരു ഗ്രാമ കൂട്ടായ്‌മ നിലനിന്നിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അധികാരത്തില്‍ വന്ന സക്കാരുകള്‍ കാലഘട്ടത്തിനനുസൃതമായി മാറ്റം വന്ന കൃഷി സമ്പ്രദായങ്ങളെയും കടക്കെണിയിലാകുന്ന സാധാരണ കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനും അവര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും ശ്രദ്ധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ‘ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന ആപ്തവാക്യം രൂപപ്പെടുത്തിയത്. അതിലൂടെ രാജ്യം കാക്കുന്ന സൈനികരെയും രാജ്യത്തിന്റെ അന്നദാതക്കളായ കര്‍ഷകരെയും ആദരിക്കാനും ബഹുമാനിക്കാനും തുടങ്ങി. അതോടൊപ്പം കാര്‍ഷിക രംഗത്തെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അതിന് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. കാര്‍ഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യയിലൂടെ അതിവേഗ പുരോഗതിയും വിപ്ലവകരമായ മാറ്റങ്ങളുമാണ് മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
കൃഷിക്ക് പ്രഥമ പരിഗണന നല്‍കി എല്ലാ വര്‍ഷവും ബജറ്റ് വിഹിതത്തില്‍ കോടിക്കണക്കിന് രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെ കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികള്‍ ഒന്നും തന്നെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും നടപ്പിലാക്കുന്നില്ല. പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നില്ലെന്ന് മാത്രമല്ല കര്‍ഷകരോട് ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. രാജ്യത്ത് ഏറ്റവും അസംതൃപ്തരും കഷ്ടപ്പാടില്‍ കഴിയുന്നതുമായ കര്‍ഷകരുള്ളത് കേരളത്തിലാണ്.
കേരളത്തില്‍ മാറിമാറി വന്ന ഇരു മുന്നണികളും അടിസ്ഥാന വര്‍ഗമായ കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ അവരെ ചേര്‍ത്തുപിടിക്കാനോ ശ്രമിച്ചിട്ടില്ല. അടിസ്ഥാന രഹിതമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി രാഷ്‌ട്രീയ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് വടക്കേ ഇന്ത്യയിലെ വന്‍കിട പണക്കാരുടെ ബിനാമിയായി ചില കര്‍ഷക സംഘടനകള്‍ നടത്തുന്ന പെയിഡ് സമരങ്ങള്‍ക്കൊപ്പം അതിന്റെ മുന്‍നിരയില്‍ എത്തുന്ന കേരളത്തിലെ രണ്ട് പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി ഇന്ന് വരെ സമരം ചെയ്തിട്ടില്ല എന്നുള്ളതാണ് ശ്രദ്ധേയം. വര്‍ഷങ്ങളായി കേരളത്തിലെ കര്‍ഷകര്‍ ഉന്നയിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇന്നും പരിഹാരമില്ലാതെ തുടരുന്നു.
കേരളത്തിലെ സാധാരണക്കാരായ കര്‍ഷകരുടെ പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ മനസ്സിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അതിനെ അതിജീവിക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ചയിലൂടെ വലിയ കര്‍ഷക മുന്നേറ്റമാണ് ബിജെപി നടത്തിവരുന്നത്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ 2022 ഏപ്രില്‍ 23, 24 തീയതികളില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്റെ നേതൃത്വത്തില്‍ എറണാകുളത്ത് കര്‍ഷക മഹാസംഗമം സംഘടിപ്പിച്ചു. കര്‍ഷകമോര്‍ച്ച ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ എല്ലാ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. രാഷ്‌ട്രീയ കേരളം ശ്രദ്ധിച്ച മഹാസംഗമത്തിന് ദേശീയ തലത്തിലുള്ള ശ്രദ്ധയും വാര്‍ത്താ പ്രാധാന്യവും ലഭിച്ചിരുന്നു. ഇതര രാഷ്‌ട്രീയ പാര്‍ട്ടിയുടെ കൊടിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് രാഷ്‌ട്രീയ ലക്ഷ്യം മാത്രമേ ഉള്ളൂ എന്നും കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കാന്‍ കര്‍ഷകമോര്‍ച്ച തയ്യാറാകുന്നുണ്ട് എന്നും തിരിച്ചറിഞ്ഞ് പ്രാദേശികമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി സ്വതന്ത്ര കര്‍ഷക സംഘടനകള്‍ രാഷ്‌ട്രീയത്തിന് അതീതമായി കര്‍ഷക മോര്‍ച്ചയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അവര്‍ കര്‍ഷക മഹാസംഗമത്തില്‍ അണിചേരുകയും ചെയ്തു. കര്‍ഷകര്‍ക്ക് പുതിയൊരു ദിശാബോധവും പ്രതീക്ഷയും നല്‍കാന്‍ കര്‍ഷക മഹാസംഗമത്തിന് സാധിച്ചു. കൃഷിയില്‍ നിന്ന് അകന്നുപോയ അടിസ്ഥാന വര്‍ഗത്തെയും യഥാര്‍ത്ഥ കര്‍ഷകരെയും ഒന്നിച്ചു ചേര്‍ക്കാന്‍ കര്‍ഷക സംഗമത്തിന് സാധിച്ചതായി ഷാജി രാഘവന്‍ സൂചിപ്പിച്ചു. രാജ്യത്തുടനീളം കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയും പലിശരഹിത വായ്‌പകള്‍ നല്‍കിയും ഭാരത ചരിത്രത്തില്‍ തന്നെ ആദ്യമായി കാര്‍ഷിക യൂണിവേഴ്‌സിറ്റികളുടെയും കോളജുകളുടെയും സിലബസുകള്‍ പരിഷ്‌കരിച്ചും പിഎം കിസാന്‍ പദ്ധതിയിലൂടെ കോടിക്കണക്കിന് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വീതം വര്‍ഷംതോറും നേരിട്ട് എത്തിച്ചും ഈ രംഗത്ത് വന്‍കുതിപ്പ് നടത്തുമ്പോള്‍ കേരളത്തിലെ കാര്‍ഷിക മേഖല സമാനതകള്‍ ഇല്ലാത്ത വിധത്തില്‍ തകര്‍ച്ചയെ നേരിടുന്നു. പ്രത്യേകിച്ച് സംസ്ഥാനത്തെ നെല്‍ ഉല്‍പാദന മേഖല. അതിന് പരിഹാരം കാണുന്നതിനും കാര്‍ഷിക കേരളത്തിന് ഉണര്‍വ്വേകാനും പര്യാപ്തമായ ചുവടുവയ്‌പ്പാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം കേരളത്തില്‍ 100 കണക്കിന് നെല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ആയിരക്കണക്കിന് കര്‍ഷകര്‍ കടക്കെണിയില്‍ ആകുകയും ചെയ്തപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കേരളത്തിലെ പ്രഗത്ഭരായ മൂന്ന് പേരടങ്ങുന്ന സമിതിയെ രാജീവ് ചന്ദ്രശേഖര്‍ നിയോഗിക്കുകയുണ്ടായി. ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം കുമ്മനം രാജശേഖരന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി കേരളത്തിലെ യഥാര്‍ത്ഥ കര്‍ഷകര്‍ ഒന്നിച്ച് ഈ മൂന്നംഗ സമിതിക്ക് മുമ്പില്‍ കാര്‍ഷിക മേഖലയെ കുറിച്ചുള്ള പ്രതിസന്ധികള്‍ അവതരിപ്പിച്ചു. വ്യാപകമായി നെല്‍കൃഷി ചെയ്യുന്ന പാലക്കാട്, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകള്‍ക്ക് പ്രഥമ പരിഗണന നല്‍കി. കര്‍ഷകരില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാര്‍ഷികമേഖലയിലെ അതിരൂക്ഷമായ പ്രതിസന്ധികളെ കുറിച്ചും പ്രത്യേകിച്ച് നെല്‍ ഉല്‍പാദന മേഖലയിലെ അതി തീവ്രമായ പ്രശ്‌നങ്ങളും പഠിച്ച് അവ പരിഹരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അടക്കം സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി സി. ആര്‍. പാട്ടീലിനും, കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് സഹ മന്ത്രി ജോര്‍ജ് കുര്യന്‍, കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് എന്നിവര്‍ക്കും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിനും സമിതി നേരിട്ട് റിപ്പോര്‍ട്ട് നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രധാനമായ ചില തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എടുത്തിട്ടുണ്ട്. കേരളത്തിലെ കാര്‍ഷിക രംഗത്തെ പ്രതിസന്ധികളെ കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ മൂന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടന്‍തന്നെ കേരളത്തില്‍ എത്തും.
കര്‍ഷകന്റെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും പണംകൊണ്ട് ശമ്പളം പറ്റുന്ന കേരള സിവില്‍ സപ്ലൈസും, കൃഷി വകുപ്പുമാണ് കര്‍ഷകരെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്നതെന്നാണ് കര്‍ഷകരുടെ അനുഭവം.. കൃഷിയിറക്കുമ്പോള്‍ തിരിഞ്ഞു നോക്കാത്ത കൃഷിഭവനും സപ്ലൈ ഓഫീസുകാരും വിളവെടുക്കുന്ന സമയത്ത് ഇടനിലക്കാരായി മാറി കുത്തക മില്ലുടമകള്‍ക്ക് വേണ്ടി പണിയെടുക്കാന്‍ പാടവരമ്പത്ത് എത്തുന്നതായി അവര്‍ പറയുന്നു. കൃഷിയുടെ ഉല്‍പാദന ചിലവുപോലും അറിയാത്ത കാര്‍ഷിക വികസന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥന്മാരാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ നെല്ലിന്റെ തറ വിലയും നെല്ലിന്റെ ക്വാളിറ്റിയും നിശ്ചയിക്കുന്നത്. ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കാന്‍ കുട്ടനാട്ടില്‍ ഒരു ലക്ഷത്തി പതിനായിരം രൂപ ചിലവ് വരുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന വില ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയാണ്. അതായത് ഒരേക്കര്‍ കൃഷി ചെയ്താല്‍ കര്‍ഷകന് കിട്ടുന്നത് ആയിരം രൂപ മാത്രം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഉത്പാദന ചെലവ് വളരെ വലുതാണ്. പണിക്കൂലി മാത്രമല്ല 20 മീറ്റര്‍ ദൂരം ചുമന്ന് ഒരു ചാക്ക് നെല്ല് ലോറിയില്‍ കയറ്റാന്‍ 25 രൂപയാണ് ഈടാക്കുന്നത്. മറ്റ് സംസ്ഥാങ്ങളില്‍ ഇത് 12 രൂപ മാത്രമാണന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കേണ്ട ഈ തുക കര്‍ഷകരില്‍ നിന്നാണ് ഈടാക്കുന്നതും കൂടാതെ നാല് വര്‍ഷം മുമ്പ് മുതല്‍ കാര്‍ഷിക മേഖലയിലെ ആവശ്യങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡ് നല്‍കിയിരുന്ന ആനുകൂല്യം നിര്‍ത്തലാക്കിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. മറ്റ് മേഖലകളിലെ കൃഷി സമ്പ്രദായങ്ങളില്‍ നിന്ന് കുട്ടനാട്ടിലെ കൃഷി രീതി തികച്ചും വ്യത്യസ്തമാണ്. രണ്ട് ഹെക്ടറില്‍ കൂടുതല്‍ കൃഷി ഉള്ള കര്‍ഷകന് കൃഷിവകുപ്പ് നിയമപ്രകാരം ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ പോലും കഴിയില്ല. അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സും, വിള ഇന്‍ഷ്വറന്‍സും കുട്ടനാട്ടില്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണന്നും കര്‍ഷകര്‍ ആരോപിക്കുന്നു. കാര്‍ഷിക രംഗത്തെ തകര്‍ച്ച മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ കടക്കണിയില്‍ ആക്കുന്ന നയമാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ച് പോരുന്നത്. ഇതുമൂലം പാലക്കാടും കുട്ടനാട്ടിലും ഉള്ള കര്‍ഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
ഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തും കാണാത്ത തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് കേരളത്തില്‍ നെല്‍ കര്‍ഷകര്‍ അനുഭവിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ കൊണ്ടുവരുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനും വേണ്ടി ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഐതിഹാസികമായ സമരങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ സംയോജിത ധാരണാപത്രം നടപ്പിലാക്കുക, കേന്ദ്രം വര്‍ദ്ധിപ്പിക്കുന്ന നെല്ലിന്റെ താങ്ങ് വിലയ്‌ക്ക് ആനുപാതികമായി സംസ്ഥാ സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കുക, പി.ആര്‍.എസ് ലോണ്‍ സ്‌കീം നിര്‍ത്തലാക്കി പകരം 48 മണിക്കൂറിനുള്ളില്‍ സംരംഭകര്‍ക്ക് അവരുടെ തുക ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നല്‍കുക, ഇതുവരെയുള്ള കുടിശ്ശിക ഓണത്തിന് മുമ്പായി നല്‍കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വലിയ ജനകീയ പ്രക്ഷോഭത്തിനാണ് കേരളം വേദിയാകാന്‍ പോകുന്നത്.
ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ സ്വതന്ത്ര കര്‍ഷക സമിതികളെയും ചേര്‍ത്ത് ഇന്ന് പാലക്കാട് വെച്ച് കര്‍ഷക സമര പ്രഖ്യാപന കണ്‍വെന്‍ഷനും 29-ാം തീയതി സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട് സമരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
(കര്‍ഷക മോര്‍ച്ചാ മീഡിയാ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആണ് ലേഖകന്‍)
















