സിപിഎം നേതാക്കളും മന്ത്രിമാരും, യുകെയിലെ വ്യാപാരിയും പാര്‍ട്ടിക്കാരനുമായ രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാട് പാര്‍ട്ടിക്കകത്തും പുറത്തും സര്‍ക്കാരിലും പൊട്ടിത്തെറികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മധുരയില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്കെതിരെ രാജേഷ് കൃഷ്ണ ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ട ഹര്‍ജിയോടൊപ്പം നല്‍കിയ കത്താണ് സിപിഎം നേതാക്കളുടെ രാജ്യാന്തര പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയാന്‍ കാരണമായത്. മാഹി സ്വദേശിയായ ബിസിനസുകാരന്‍ മുഹമ്മദ് ഷര്‍ഷാദ്, പൊളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്താണ് കോടതിയില്‍ ഹാജരാക്കിയത്. താന്‍ ഇങ്ങനെയൊരു കത്ത് നല്‍കിയിട്ടുണ്ടെന്നും, പൊളിറ്റ് ബ്യൂറോ സിപിഎം സംസ്ഥാന ഘടകത്തിന് കൈമാറിയ ഈ കത്ത് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണ് രാജേഷ് കൃഷ്ണയ്‌ക്ക് ചോര്‍ത്തി നല്‍കിയതെന്നും ഷര്‍ഷാദ് പറയുന്നു. കത്ത് ലഭിച്ച കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയും, കത്ത് കോടതിയില്‍ ഹാജരാക്കിയ രാജേഷ് കൃഷ്ണയും നിഷേധിക്കുന്നില്ല. കടലാസ് കമ്പനിയുണ്ടാക്കി, സര്‍ക്കാര്‍ പദ്ധതിക്കെന്ന പേരില്‍ കേരളത്തില്‍ പണം എത്തിച്ച് പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുത്തു എന്നാണ് ആരോപണം.
എം.വി. ഗോവിന്ദന്റെ മകനുമായി രാജേഷ് കൃഷ്ണയ്‌ക്ക് സാമ്പത്തിക ഇടപാടുകളുണ്ടന്നും, അതിനാലാണ് പൊളിറ്റ് ബ്യൂറോക്ക് ലഭിച്ച കത്ത് ചോര്‍ത്തി നല്‍കിയതെന്നും കരുതുന്നതില്‍ യുക്തിയുണ്ട്. രാജേഷ് കൃഷ്ണയുമായി ബന്ധമുണ്ടെന്ന കാര്യം മന്ത്രിമാരായ എം.ബി രാജേഷ്, കെ.എന്‍. ബാലഗോപാല്‍, മുന്‍മന്ത്രി തോമസ് ഐസക്ക്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ നിഷേധിക്കുന്നില്ല. ധനമന്ത്രിയായിരിക്കെ കിഫ്ബി വഴി മസാല ബോണ്ടു വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയനും, ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും ലണ്ടനില്‍ പോയപ്പോള്‍ ഇതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് രാജേഷ് കൃഷ്ണയാണത്രേ. മസാല ബോണ്ട് വലിയൊരു അഴിമതിയാണെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നതാണ്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി വഴി വിദേശത്തു നിന്ന് പണം എത്തിച്ച് പാര്‍ട്ടി നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്നും എം.വി. ഗോവിന്ദന്‍, പി. ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ലണ്ടന്‍ യാത്രയില്‍ സഹായിയായത് രാജേഷാണെന്നും, ഈ ബന്ധം ഉപയോഗിച്ച് മറ്റ് പല സാമ്പത്തിക ഇടപാടുകളും നടത്തിയെന്നും ഷര്‍ഷാദിന്റെ കത്തില്‍ ആരോപിക്കുന്നത് തള്ളിക്കളയാനാവില്ല.
സിപിഎമ്മിനെതിരായ ഈ അഴിമതി ആരോപണത്തെ ആ പാര്‍ട്ടിയുടെ നേതാക്കള്‍ തള്ളിക്കളയുകയാണ്. ഇതിനേക്കാള്‍ വിചിത്രമാണ് ചില പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. ആരോപണം സിപിഎമ്മിനെ സംശയത്തിന്റെ നിഴലില്‍ ആക്കിയിരിക്കുന്നുവത്രേ. സിപിഎം നേതാക്കളെ ശരിയായി അറിയാവുന്ന ആര്‍ക്കും ഇങ്ങനെയൊരു സംശയമുണ്ടാവില്ല. എസ്എന്‍സി ലാവ്ലിന്‍ അഴിമതിയുടെയും മറ്റും ചരിത്രം അറിയുന്നവര്‍ സിപിഎമ്മുകാരുടെ ഇത്തരം അഴിമതി പുറത്തറിയുമ്പോള്‍ ഞെട്ടുകയുമില്ല. ആസൂത്രിതവും സംഘടിതവുമായ അഴിമതി നടത്തുകയും, അത് വെളിച്ചത്താവുമ്പോള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ സ്വഭാവമാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയിലും മറ്റും ജനങ്ങള്‍ ഇത് കണ്ടതാണല്ലോ. ആരോപണങ്ങളെ ലളിതവത്കരിക്കുന്നത് ഇക്കൂട്ടരുടെ അടവുനയമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണിത്. ഇതിനിടയില്‍ തെളിവ് നശിപ്പിക്കാനും ഒതുക്കിത്തീര്‍ക്കാനുമുള്ള ശ്രമങ്ങള്‍ സജീവമായി നടത്തും. സിപിഎം ഏതെങ്കിലും അഴിമതിയെ ലളിതവത്കരിക്കുന്നുണ്ടെങ്കില്‍ അത് വളരെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമായിരിക്കുമെന്ന് ഉറപ്പിക്കാം. ഇപ്പോഴത്തെ അഴിമതിയാരോപണം എത്രയും വേഗം കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണ് വേണ്ടത്.















