വാഷിങ്ടണ്‍: ഭാരതവും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികള്‍ യുഎസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഭാരതവും പാകിസ്ഥാനുമിടയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിനായി ഇടനിലക്കാരനായി നിന്ന് പ്രവര്‍ത്തിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതിനു പിന്നാലെയാണ് റൂബിയോയുടെ ഈ പ്രസ്താവന. റഷ്യ- ഉക്രൈന്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാകാനുള്ള ഏക മാര്‍ഗം ഇരുപക്ഷവും പരസ്പരം വെടിവെക്കല്‍ നിര്‍ത്തിവെക്കുക എന്നതാണ്. റഷ്യക്കാര്‍ അതിന് സമ്മതിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ എപ്പോള്‍ വേണമെങ്കിലും ഹനിക്കപ്പെടാം. കരാര്‍ നിലനിര്‍ത്തുന്നത് വെല്ലുവിളിയും പ്രയാസം നിറഞ്ഞതുമാണ്.
പാകിസ്ഥാനും ഭാരതവും, കംബോഡിയയും തായ്‌ലന്‍ഡും തമ്മില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് യുഎസ് എന്നും നിരീക്ഷിക്കുന്നുണ്ട്. ലോകത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ എന്ത് നടപടിയും യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകും. സമാധാനം നിലനിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കുന്ന പ്രസിഡന്റിനെ ലഭിച്ചതില്‍ യുഎസ് ജനത ഭാഗ്യവാന്മാരാണെന്നും റൂബിയോ പറഞ്ഞു.
അതേസമയം ട്രംപിന്റെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ ഉണ്ടായിരുന്നിട്ടും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ എന്തുകൊണ്ട് ഏര്‍പ്പെടുത്തുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ട്രംപ് അധികാരമേറ്റ അന്നു മുതല്‍ കൊണ്ടുവന്ന എല്ലാ ഉപരോധവും ഇപ്പോഴും അതേപടി തുടരുന്നുണ്ടെന്നും ഇതിന്റെയെല്ലാം പ്രത്യാഘാതം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മെയ് 10ന് രാത്രിയില്‍ വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭാരതവും പാകിസ്ഥാനും തമ്മിലുള്ള വെടിവെപ്പ് നിര്‍ത്തിവയ്‌ക്കാന്‍ ധാരണയായതെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഓപ്പറേഷന്‍ സിന്ദൂറിനിടെ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ അറിയിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ട്രംപിന്റെ ഈ പ്രസ്താവനകളെ തള്ളിയിട്ടുണ്ട്.
















