തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഹവാല ഇടപാടിനു പിന്നാലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്. ഗോവിന്ദന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
കോടിയേരിയുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടായിരുന്നു ബിനീഷ് കോടിയേരി നടത്തിയത്. ഇ ഡി അന്വേഷണത്തില്‍ ഇത് കണ്ടെത്തുകയും ബിനീഷ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്തിരുന്നു. അന്ന് ബിനീഷ് കോടിയേരിയാണെങ്കില്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് പാര്‍ട്ടിക്ക് മീതെ പറക്കുന്ന മകനാകുന്നു. മക്കള്‍ ഭരണത്തില്‍ വല്ലാത്ത പ്രതിസന്ധിയിലാണ് സിപിഎം.
കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടത്തുന്നയാളാണ് ശ്യാംജിത്ത്. സിനിമാ നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്, വട്ടിപ്പലിശയ്‌ക്ക് പണം കടം കൊടുക്കല്‍ ഇവയെല്ലാം ശ്യാംജിത്ത് ബിനാമി പേരില്‍ നടത്തുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനായതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ശ്യാംജിത്തിനൊപ്പം.
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റം മുതല്‍ കരാര്‍ പണികള്‍ വരെ ശ്യാംജിത്തിനെ കണ്ടാല്‍ നടക്കും. സാധാരണ സിപിഎമ്മില്‍ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ നടക്കണമെങ്കില്‍ ഏരിയാ കമ്മറ്റി മുതല്‍ ജില്ലാ കമ്മിറ്റികള്‍ വരെയുള്ള നേതാക്കളെ കാണേണ്ടതായി വരും. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ മാത്രം കണ്ടാല്‍ മതി.
സിനിമ നിര്‍മിക്കാന്‍ പ്രവാസിയില്‍ നിന്ന് പണം വാങ്ങി നല്‍കിയതുമായി ബന്ധപ്പെട്ട് ശ്യാംജിത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലും പരാതി എത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ എം.വി. ഗോവിന്ദന്‍ തയാറെടുക്കുന്ന സമയത്തായിരുന്നു ആരോപണം ഉയര്‍ന്നത്. ഇ.പി. ജയരാജന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വരുന്നതിനായിരുന്നു ഈ നീക്കം. ആരോപണം നിലനിന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി. ഗോവിന്ദന് എത്താന്‍ സാധിക്കില്ല. ഇപിയെ ഒഴിവാക്കുകയും വേണം. മുഖ്യമന്ത്രി ഇടപെട്ട് പ്രവാസികളെ ഉപയോഗിച്ച് പ്രശ്നം ഒതുക്കിതീര്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഉയരുന്ന പ്രശ്നവും പാര്‍ട്ടി അവഗണിക്കും.
ഇല്ലെങ്കില്‍ എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാകും. അതിനാല്‍ ആരോപണങ്ങളുടെ മുനയൊടിപ്പിക്കാനുള്ള തത്രപ്പാടിലാണ് ദല്‍ഹിയില്‍ നടക്കുന്ന പിബി യോഗം.
















