കാസർകോട്: വിദ്യാർത്ഥിയുടെ കരണത്തടിച്ച പ്രധാന അദ്ധ്യാപകൻ എം. അശോകനെതിരേ കേസെടുത്തു. പോലീസ് സ്‌റ്റേഷനിൽനിന്ന് ജാമ്യം ലഭിക്കാത്ത ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 126(2), 115(2) എന്നീ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ്. കാസർകോട് കുണ്ടംകുഴി സ്‌കൂളിൽ പത്താം ക്ലാസുകാരനെ കരണത്തടിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയുടെ കർണ്ണപടം പൊട്ടിയിരുന്നു. ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ ഇന്ന് തെളിവെടുക്കാൻ കുട്ടിയുടെ വീട്ടിലെത്തും.
സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉപ ഡയറക്ടർ സ്‌കൂളിലെത്തി ഹെഡ്മാസ്റ്ററുടെയും വിദ്യാർത്ഥിയുടെയും മൊഴി എടുത്തിരുന്നു. കേസ് ആയതിനെ തുടർന്ന് അദ്ധ്യാപകനെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുമുണ്ടാകും. ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റർ അടിച്ചത്.











