ന്യൂദൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മറ്റി രൂപീകരിക്കുമെന്നും കോടതി നിർദേശിച്ചു.
അഞ്ചംഗ സെർച്ച് കമ്മിറ്റിയെയാണ് രൂപീകരിക്കുക. ഇതിൽ രണ്ടു പേർ സംസ്ഥാന സർക്കാർ നിയോഗിച്ചവരായിരിക്കും. രണ്ടു പേർ ചാൻസിലർ നൽകിയ പട്ടികയിൽ നിന്നുള്ളവരായിരിക്കും. യുജിസിയിൽ നിന്നും ഒരാളെയും ഉൾപ്പെടുത്തും. ഈ കമ്മിറ്റി രൂപീകരണ നടപടികൾ രണ്ടാഴ്ചയ്‌ക്കുള്ളിൽ പൂർത്തിയായിരിക്കണം. കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കണം.
വരുന്ന രണ്ട് മാസത്തിനുള്ളിൽ ഡിജിറ്റൽ സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും സ്ഥിരം വി. സി മാരെ തെരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഒരു മാസത്തിനുള്ളിൽ നടപടികളിൽ പുരോഗതി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സെർച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ധരുടെ പട്ടിക സംസ്ഥാന സർക്കാരിന് ഗവർണർ ഇന്നലെ സംസ്ഥാന സർക്കാരിന് നൽകിയിരുന്നു. നാലുപേരുടെ പട്ടികയാണ് സർക്കാർ അഭിഭാഷകന് ഗവര്‍ണര്‍ കൈമാറിയത്.
സർക്കാരും ഗവർണറും പട്ടിക പരസ്പരം കൈമാറണം എന്ന് സുപ്രീംകോടതിയുടെ നിർദേശം ഉണ്ടായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചതോടുകൂടി സര്‍ക്കാര്‍ പട്ടിക സുപ്രീം കോടതിക്ക് കൈമാറുകയായിരുന്നു.











