ന്യൂദല്‍ഹി: മേരാ യുവ ഭാരത് കേരളയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന്‍ തിരുവനന്തപുരവും സംയുക്തമായി സംഘടിപ്പിച്ച മന്‍ കീ ബാത്ത് ക്വിസ് അഞ്ചാം സീസണ്‍ ടാലന്റ് ഹണ്ടില്‍ വിജയികളായ തിരുവനന്തപുരത്തു നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തെ ആദരിച്ചു.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ ഭാരതത്തെ വികസിത രാജ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിനൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ട്, ആധുനികതയെ അറിഞ്ഞു ആ ശ്രമത്തില്‍ പങ്കുചേരണമെന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞു.പ്രധാനമന്ത്രി പങ്കുവയ്‌ക്കുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥി സമൂഹം പ്രതീക്ഷ ഉണര്‍ത്തുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലും മുപ്പതംഗ വിദ്യാര്‍ത്ഥി സംഘം പങ്കെടുത്തു. തലസ്ഥാനത്തെ ചരിത്ര പ്രധാന സ്ഥലങ്ങളിലും വിദ്യാര്‍ത്ഥി സംഘം സന്ദര്‍ശനം നടത്തും. മന്‍ കി ബാത്തിനെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നു വിജയിച്ച ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികളെയാണ് ന്യൂദല്‍ഹി സന്ദര്‍ശനത്തിന് തെരഞ്ഞെടുത്തത്.











