ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം പിഴത്തീരുവ ചുമത്തിയ യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ തീരുമാനം പമ്പരവിഡ്ഡിത്തമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍ ജെഫ്രി സാക്സ്. ഇത് യുഎസിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും കൊളംബിയ സര്‍വ്വകലാശാല പ്രൊഫസര്‍ കൂടിയായ ജെഫ്രി സാക്സ് പറയുന്നു.
ഇന്ത്യയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന കുറ്റത്തിന് നേരത്തെ ചുമത്തിയ 25 ശതമാനം തീരുവയ്‌ക്ക് പുറമെ 25 ശതമാനം പിഴത്തീരുവ കൂടി ചുമത്തിയത്. ഇത് ഇന്ത്യയെപ്പോലെ ദീര്‍ഘകാല ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയാണ് ട്രംപ് അട്ടിമറിച്ചത്. – ജെഫ്രി സാക്സ് പറയുന്നു.
ഇത് യുഎസിന്റെ വിദേശനയ താല്‍പര്യങ്ങളുടെ സ്വയം നാശത്തിനാണ് വഴിവെച്ചത്. അമ്പരപ്പുളവാക്കുന്ന നിലവാരത്തിലുള്ള കഴിവുകേടാണ് ഇതിലൂടെ വെളിപ്പെട്ടത്. ഈ തീരുമാനം ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നു.- ജെഫ്രി സാക്സ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ എ എന്‍ഐ എന്ന വാര്‍ത്ത ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം.
















