പനാജി: സംസ്ഥാനം ഇടപ്പെടുന്നതിങ്ങനെയാണ്; ഗോവയിൽ 60 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരം 40 രൂപയ്‌ക്ക് വിൽക്കുന്നു. ഗണേശ പൂജയ്‌ക്ക് മുന്നോടിയായാണ് ഈ ഇടപെടൽ.
ഗോവ ഹോർട്ടികൾചർ കോർപ്പറേഷൻ ലിമിറ്റഡിന്റെതാണ് ആശയം. ആദ്യ ദിവസമായ ഇന്നലെ മാത്രം 10,000 തേങ്ങ വിറ്റു പോയി. ‘വിലക്കൂടുതൽ കാരണം ഏറെ നാളായി തേങ്ങ വാങ്ങാറില്ലായിരുന്നു. ഇന്ന് 40 രൂപയ്‌ക്ക് ഒന്ന് വാങ്ങി,’ ഒരു ഉപഭോക്താവ് പറഞ്ഞു.
കർണാടകത്തിലെ ശിവ്മോഗയിൽ നിന്നാണ് കോർപ്പറേഷൻ തേങ്ങ സംഭരിക്കുന്നത്. ഗോവയിൽ 56 മുതൽ 60 രൂപ വരെയാണ് ഒരു തേങ്ങയുടെ വിൽപ്പനവില ഉയർന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നിർദ്ദേശത്തിൽ കോർപ്പറേഷൻ നടപടിയെടുത്തത്. മൂന്നിലൊന്ന് വില സർക്കാർ ജനങ്ങൾക്ക് സബ്സിഡി നൽകുന്നുവെന്നർത്ഥം.
ഇന്ന് ഞായറാഴ്ചയും വിൽപ്പനത്തോത് തുടരുമെന്നതിനാൽ ആദ്യം സംഭരിച്ചതിന് പുറമേ 25,000 തേങ്ങകൂടി വാങ്ങാൻ ഓർഡർ നൽകി. 15 ടൺ തേങ്ങ വിൽക്കാനാണ് കോർപ്പറേഷൻ തീരുമാനം.
















