മലപ്പുറം: എഡിജിപി എം.ആര്‍.അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുന്‍ എംഎല്‍എ പി.വി.അന്‍വര്‍. യൂട്യൂബര്‍ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും അന്‍വര്‍ പറഞ്ഞു.
എന്നാല്‍ എന്തു വഴിവിട്ട സഹായമാണ് താന്‍ ആവശ്യപ്പെട്ടതെന്ന് അജിത് കുമാര്‍ പറയണം.തന്നെ അദ്ദേഹം ചതിച്ചെന്ന് പിന്നീട് ബോധ്യപ്പെട്ടു.അജിത് കുമാര്‍ കുപ്രസിദ്ധ ക്രിമിനലാണെന്നും അന്‍വര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഇപ്പോഴും എന്തിനാണ് അജിത് കുമാറിനെ താങ്ങി നിര്‍ത്തുന്നത്. അജിത് കുമാറിനെ വെള്ള പൂശിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഒറ്റനോട്ടത്തില്‍ തന്നെ പൊളിയുന്നതാണെന്നും അന്‍വര്‍ പറഞ്ഞു. അജിത് കുമാര്‍ ജോലി ചെയ്യുന്നത് ആര്‍എസ്എസിനും കേന്ദ്രസര്‍ക്കാറിനും വേണ്ടിയാണെന്നാണ് അന്‍വറിന്റെ വാദം.
പി വി അന്‍വറിന് വഴി വിട്ട സഹായം ചെയ്ത് നല്‍കാത്തതിനാലാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങളെന്ന് എം ആര്‍ അജിത് കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തനിക്കെതിരെ വ്യാജ രേഖകള്‍ ചമയ്‌ക്കുന്നത് പൊലീസിനുളളില്‍ നിന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
















