തിരുവനന്തപുരം: കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ 69-ാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ അടുത്ത ചൊവ്വാഴ്ച വരെ തിരുവനന്തപുരം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും 14-20 വയസിനിടയിലുള്ള 2500ല്‍ പരം കൗമാര കായിക താരങ്ങള്‍ പങ്കെടുക്കും.
14 വയസ്സിന് താഴെ, 16 വയസ്സിന് താഴെ, 18 വയസ്സിന് താഴെ 20 വയസ്സിന് താഴെ എന്നീ വിഭാഗങ്ങളായി തരംതിരിച്ചാണ് മത്സരങ്ങള്‍. ഓരോ ജില്ലയില്‍ നിന്നും യോഗ്യത നേടിയ കായിക താരങ്ങള്‍ മീറ്റില്‍ മാറ്റുരയ്‌ക്കും. ഇവിടെ യോഗ്യത നേടുന്ന താരങ്ങള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 14 വരെ ഭുവനേശ്വറില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകും. നാളെ വൈകിട്ട് നാലിനാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം. ഒളിംപ്യന്‍ ഖേല്‍ രത്‌നാ അവാര്‍ഡ് താരം കെ.എം.ബീനാമോള്‍, അര്‍ജ്ജുന അവാര്‍ഡ് താരവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പത്മിനി സെല്‍വന്‍, ധ്യാന്‍ ചന്ദ് അവാര്‍ഡ് താരം കെ.സി.ലേഖ തുടങ്ങിയ അന്താരാഷ്‌ട്ര താരങ്ങളും, സ്‌പോര്‍ട്‌സ് രംഗത്തെ ഉന്നതരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
19ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിലും ഒളിംപ്യന്മാരുടെയും അന്താരാഷ്‌ട്ര കായിക താരങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടായിരിക്കും.
















