ദേശാഭിമാനിയില്‍ ആഗസ്ത് 14 ന് ‘നേര്‍വഴി’ എന്ന പംക്തി അസ്സലായി. അതെഴുതിയ എം.വി. ഗോവിന്ദന്റെ മനസ്സിലിരിപ്പും വ്യക്തമായി. ‘ആര്‍എസ്എസിന്റെ വിഭജന രീതി ദിനാചരണം’ എന്ന തലക്കെട്ടുതന്നെ എന്തൊരു ഭോഷ്‌ക്കാണ്? ആര്‍എസ്എസ് അങ്ങനെയൊരു ദിനാചരണത്തിന് ആഹ്വാനം നല്‍കിയിട്ടില്ല. അത് ഭാരത സര്‍ക്കാരിന്റെ പരിപാടിയാണ്. അതാകട്ടെ അഞ്ചുവര്‍ഷം മുമ്പ് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചതുമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെല്ലാം ആര്‍എസ്എസിന്റെ പരിപാടിയാണെന്ന ധാരണ വരുന്നത് സിപിഎമ്മിന്റെ സ്വഭാവം കൊണ്ടാണ്. സിപിഎമ്മിന്റെ പ്രഖ്യാപനങ്ങളെല്ലാം സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളാകുന്നതുപോലെയാണെല്ലാം എന്നാണല്ലൊ അവരുടെ ധാരണ. ‘ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, തല്ലിക്കൊല്ലാന്‍ ഇതിലും വലിയ ഉപായമില്ലല്ലൊ’ എന്ന ചിന്ത പോലെയാണ് മാഷേ ഈ പദ്ധതി. കഴിഞ്ഞവര്‍ഷം ഇത് ചര്‍ച്ചയാക്കിയില്ല. ലേഖനവും വന്നില്ല. ഇന്നത്തെ മന്ത്രി തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷവും. ഒരു പ്രസ്താവന പോലുമുണ്ടായില്ല. എസ്എഫ്‌ഐ കഴിഞ്ഞ വര്‍ഷവുമുണ്ടായിരുന്നു, ഒരു കോലാഹലവുമുണ്ടായില്ല. ‘പിന്നെന്തേ ഇക്കൊല്ലമെന്നല്ലെ? ഇക്കൊല്ലം തെരഞ്ഞെടുപ്പുണ്ട്. മുസ്ലീം തീവ്രവാദികളുടെ വോട്ടുറപ്പിക്കണം. അതുതന്നെയാണ് കോണ്‍ഗ്രസുകാരുടെയും കെഎസ്‌യുക്കാരുടെയും നോട്ടം. അവരും വിഭജന ഭീതി പറയാന്‍ പേടിച്ചത് അതുകൊണ്ടുതന്നെ.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കൂറ്റന്‍ മതില്‍ ചാടി ഓടിയ കോവിന്ദന്‍ ചാമി ഒടുവില്‍ കിണറ്റില്‍ ചാടിയതുകൊണ്ടുമാത്രമാണ് പിടികൂടപ്പെട്ടത്. ഈ ചാമി കിണറ്റില്‍ ചാടാതെതന്നെ പിടിക്കപ്പെട്ടിരിക്കുന്നു. ന്താണിത്ര പേടി? മുസ്ലീം തീവ്രവാദികള്‍ അത്രമാത്രം ശക്തിപ്പെട്ടിരിക്കുന്നു. അവരില്‍ ഇരുപാര്‍ട്ടിക്കാര്‍ക്കും അത്രമാത്രം സ്വാധീനം ഉണ്ടായിരിക്കുന്നു. 1946 ല്‍ കോഴിക്കോട് അങ്ങാടിയില്‍ കേട്ട മുദ്രാവാക്യമില്ലെ ‘പത്തണേന്റെ കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്ഥാന്‍’ എന്ന്. അന്നത്തെ മുദ്രാവാക്യം വിളിച്ച സിഎച്ച് ഉം കൂട്ടരും ഇന്നില്ല. ഉണ്ടായിരുന്നെങ്കില്‍ വേണ്ട മക്കളെ എന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയേനെ. അവരെക്കാള്‍ ഭീകരരാണ് ഇന്ന് ഇതിനേക്കാള്‍ ഭീകരമായ മുദ്രാവാക്യം മുഴക്കുന്നവര്‍. ‘അവിലു മലരും കുന്തിരിക്കവും കരുതിക്കോളൂ’ എന്നു മുദ്രാവാക്യം വിളിച്ചവരില്ലെ. അവര്‍ പത്തണേന്റെ കത്തിവാങ്ങുമെന്ന മുദ്രാവാക്യം വിളിച്ചവരേക്കാള്‍ ശക്തരാണ്. പക്ഷേ എന്നിട്ടും അത്തരക്കാരെ പൂട്ടാന്‍ കഴിവും കരുത്തും കാര്യശേഷിയുമുള്ളവരാണ് കേന്ദ്രഭരണത്തിലുള്ളവരെന്ന് ധരിക്കാനുള്ള പ്രാപ്തി ഇല്ലാതെ പോയി മാഷെ! കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!
1915 ല്‍ രൂപംകൊണ്ടു ഹിന്ദുമഹാസഭയുടെ മുദ്രാവാക്യം ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞതായി ഗോവിന്ദന്‍ മാഷ്പറഞ്ഞിട്ടുണ്ട്. ആ ഹിന്ദുമഹാസഭയുടെ വക്താക്കളും ഗുണഭോക്താക്കളും പ്രയോജകരും കമ്മ്യൂണിസ്റ്റുകാരാണെന്നാര്‍ക്കാണറിയാത്തത്. സിന്ധിലും ബംഗാളിലും മുസ്ലീംലീഗുമായി ചേര്‍ന്ന് അധികാരം പങ്കിട്ടപ്പോള്‍ ആരായിരുന്നു ഹിന്ദുമഹാസഭയുടെ വക്താക്കള്‍? സോമനാഥ ചാറ്റര്‍ജി എന്ന സിപിഎം നേതാവും അവരുമായുള്ള ബന്ധമെന്തായിരുന്നു എന്നന്വേഷിച്ചുപോയാല്‍ എവിടെച്ചെന്നെത്തുമെന്ന് പറയാനൊക്കുമോ?
ആഗസ്ത് 15 സ്വാതന്ത്ര്യദിനമായി കാണാന്‍ ആര്‍എസ്എസ് തയ്യാറായിട്ടില്ല പോലും! ഇത് സ്വാതന്ത്ര്യദിനമല്ല എന്ന മുദ്രാവാക്യം വിളിച്ചത് ആര്‍എസ്എസുകാരല്ല, കമ്യൂണിസ്റ്റുകാരാണ്. മതരാഷ്‌ട്രവാദത്തിനായി വാദിക്കുന്നവരാണ് വിഭജന ഭീതി സ്മരണദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നവരെന്ന് എഴുതിപ്പിടിപ്പിക്കാന്‍ ഒരു ശരാശരി തൊലിക്കട്ടിയുള്ളയാള്‍ക്ക് കഴിയുന്ന കാര്യമല്ല. അതിനുവേണം അപാരമായ തൊലിക്കട്ടി. അതുണ്ടെന്ന് ഗോവിന്ദന്‍മാഷ് തെളിയിക്കുകയാണ്.
‘ബ്രിട്ടീഷ് ഭരണത്തിനെതിരായി മൂന്നു ദശാബ്്ദക്കാലം നടത്തിയ സമരം പുതിയ രാഷ്‌ട്രങ്ങളായ പാകിസ്ഥാന്റെയും ഭാരതത്തിന്റെയും പ്രധാനമന്ത്രിമാര്‍ക്ക് ആഹ്ലാദമത്തരായ ആരാധകവൃന്ദത്തിന്റെ നടുവിലൂടെ ജൈത്രയാത്ര നടത്താനുള്ള അവകാശം നല്‍കേണ്ടതായിരുന്നു. അതിനുപകരം ഭീകരതയുടെയും യാത്രയുടെയും രംഗങ്ങളിലൂടെ ശോകാത്മകമായ നിശബ്്ദതയിലാണ് നെഹ്‌റുവും ലിയാഖത്ത് അലിയും യാത്രചെയ്തതെന്നാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ പറഞ്ഞത്.
ഏതായാലും ദുഃഖകരമായ ആ യാത്രയേയും ഭീകരമായ വിഭജനത്തെയും ചില കോളജുകളിലെങ്കിലും ആചരിച്ചിട്ടുണ്ട്. ക്യാമ്പസുകളില്‍ മതനിരപേക്ഷത പുലരണമെന്ന മന്ത്രിയുടെ മോഹത്തിനും നാളിതുവരെ ഇല്ലാത്തവിധത്തിലുള്ള ആഹ്വാനത്തിനും ഭംഗം വരുത്താതെ തന്നെ. എന്നിട്ടും ഗവര്‍ണറുടെയും വിസിയുടെയും കോലം കത്തിക്കാനും എസ്എഫ്‌ഐക്കാരെ ഒരുക്കി നിര്‍ത്തിയവര്‍ എന്തിന്റെ ചരിത്രമാണ് പഠിക്കാന്‍ ഒരുങ്ങുന്നത്? ഏത് ചരിത്രമാണ് പഠിപ്പിക്കാന്‍ കോപ്പുകൂട്ടുന്നത്? വിഭജനത്തെ തത്ത്വത്തില്‍ അംഗീകരിച്ചവരും 16 വിഭജനമെങ്കിലും വേണമെന്ന് ശഠിച്ചവരും മതനിരപേക്ഷ മൂല്യങ്ങള്‍ പൊക്കിപ്പിടിച്ച യുവത എന്ന് കൊട്ടിഘോഷിക്കുന്നതിനെ നല്ല തമാശ എന്നേ പറയാനൊക്കൂ.
സ്വാതന്ത്ര്യദിനത്തിന് ബദലായി ആര്‍എസ്എസ് സംഘടനകള്‍ ആചരിച്ചുവരുന്നതാണത്രെ വിഭജനഭീതിദിനം! ഈ വിചിത്ര സര്‍ക്കുലര്‍ ഗവര്‍ണര്‍ ഇറക്കിയതിലാണ് സിപിഎം യുവതയ്‌ക്ക് അമര്‍ഷം. ഇതിനെതിരെ എസ്എഫ്‌ഐയും ഇടതുപക്ഷവും കെഎസ്‌യുവും രംഗത്തുവന്നെങ്കിലും ചിലമേഖലകളിലെങ്കിലും ആചരിച്ചു. മസിലുരുട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. കേരള, കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിമാര്‍ ഇത് ഏറ്റെടുത്ത് കോളജുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. കലാശാല കശാപ്പുശാലയാക്കാന്‍ എസ്എഫ്‌ഐയെപോലെ ചിന്തിക്കാത്തവര്‍ അതിന് വ്യാപകമായി തയ്യാറെടുപ്പ് നടത്തിയില്ലെന്നതാണ് സത്യം.
















