1944 ജൂലൈ ഏഴിന് മദിരാശി സെന്‍ട്രല്‍ ജയിലിലെ തൂക്കുമുറിയില്‍ അക്ഷോഭ്യനായി മരണത്തിലേക്കു സ്വയം നടന്നുകയറിയ ധീരനായ സ്വാതന്ത്ര്യ സമരസേനാനി ടി.പി. കുമാരന്‍ നായര്‍. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഇതിഹാസ നായകനായ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഐഎന്‍എയുടെ രഹസ്യ വിഭാഗമായ ഒളിപ്പോര്‍ സംഘത്തിന്റെ സൂത്രധാരന്‍. കൊലക്കയറില്‍ നിന്ന് രക്ഷപ്പെടാമെന്നറിഞ്ഞിട്ടും വിചാരണ വേളയില്‍ മാപ്പു പറയാതെ സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിലര്‍പ്പിച്ച മലയാളത്തിന്റെ സുവര്‍ണ്ണ നക്ഷത്രം. രഹസ്യങ്ങള്‍ ചോര്‍ത്താനായി ബ്രിട്ടീഷ് പോലിസ് കൊടിയ പീഡനങ്ങള്‍ അഴിച്ചുവിട്ടപ്പോഴും അവസാന ശ്വാസം വരെ പിറന്ന നാടിനോട് നീതി പുലര്‍ത്തിയ അതുല്യ പോരാളി. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ഹോമിച്ച ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, സുഖ്‌ദേവ്, രാജ്ഗുരു പരമ്പരയില്‍പ്പെടുന്ന വീരബലിദാനി. കോഴിക്കോട്ടുകാരന്‍.
ഏറെ അറിയപ്പെടേണ്ട എന്നാല്‍ അധികമാരും അറിയപ്പെടാതെപോയ വിപ്ലവകാരി കോഴിക്കോട്ടെ നെല്ലിക്കോട് കൊടമോളിക്കുന്നില്‍ തെക്കുമ്പലത്തു പറമ്പില്‍ കുമാരന്‍ നായര്‍ ജോലി തേടി മദിരാശിയിലെത്തി മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ ചേരുമ്പോള്‍ പ്രായം 25. മദ്രാസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതപ്പോഴാണ്. 1929 ആയപ്പോഴേക്കും പൂര്‍ണ സ്വാതന്ത്ര്യത്തില്‍ കുറഞ്ഞ ഒന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ രാജ്യവ്യാപകമായി ജനമനസ്സ് ഉണരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് നേതൃനിരയില്‍ ശ്രദ്ധേയനാവുന്നത് ഈ കാലയളവിലാണ്.
1930 ല്‍ ആരംഭിച്ച സിവില്‍ നിയമലംഘന പ്രസ്ഥാനത്തെ പ്രതിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ഏറെ പ്രയാസപ്പെട്ടു. 1931 മാര്‍ച്ച് 23 ന് ലാഹോര്‍ ഗൂഢാലോചന കേസില്‍ കുടുക്കി ഭഗത് സിങ്ങിനെ തൂക്കിലേറ്റി. പിന്നീട് സുഖ്‌ദേവിനെയും രാജ്ഗുരുവിനെയും തൂക്കിലേറ്റി. അതോടെ ബ്രിട്ടീഷ് കാട്ടാളത്തത്തിനെതിരായ വികാരം അങ്ങോളമിങ്ങോളം അലയടിച്ചുയര്‍ന്നു. ജയിലറകള്‍ നിറഞ്ഞു കവിഞ്ഞു. സ്ത്രീകളും കുട്ടികളുമണിനിരന്ന കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ മദിരാശിയിലും അരങ്ങേറി. സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തെ ബ്രിട്ടീഷുകാര്‍ നിര്‍ദ്ദാക്ഷിണ്യം നേരിട്ടു. കുമാരന്‍ നായര്‍ ഉള്‍പ്പെടുന്ന പോലീസ് വ്യൂഹത്തെയാണ് അതിനായി നിയോഗിച്ചത്. ലാത്തിചാര്‍ജ്ജ് ചെയ്യാന്‍ മേലുദ്യോഗസ്ഥന്മാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കുമാരന്‍ നായരുടെ ദേശസ്‌നേഹം അതിനനുവദിച്ചില്ല. അദ്ദേഹം ആജ്ഞ നിരസിക്കുക മാത്രമല്ല, സഹപ്രവര്‍ത്തകരായ പോലീസുകാരെ പിന്‍തിരിപ്പിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതു പോലെ ഗുരുതരമായ അച്ചടക്ക ലംഘനം ചുമത്തി കുമാരന്‍ നായരെ ബ്രിട്ടീഷുകാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു.
നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. മഹാത്മാഗാന്ധി വിഭാവനം ചെയ്ത അയിത്തോച്ചാടന – മദ്യനിരോധന- ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കൂടാതെ ഇടപെട്ടു. അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ ഒരേ സമയം കുടുംബത്തില്‍ നിന്നും സമൂഹത്തിലെ യാഥാസ്ഥിതികരില്‍ നിന്നും രൂക്ഷമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. താഴ്ന്ന ജാതിയില്‍പ്പെട്ടവരെ വീട്ടില്‍ ക്ഷണിച്ചു വരുത്തി പന്തിഭോജനം നടത്തിയപ്പോള്‍ തങ്ങളെ അപമാനിച്ചുവെന്ന് പറഞ്ഞ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്തു വന്നു. അതൊന്നും പക്ഷെ കുമാരന്‍ നായരെ പ്രവര്‍ത്തനത്തില്‍ നിന്ന് ഒട്ടും പിറകോട്ടടിപ്പിച്ചില്ല. അതിനിടയില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന്നു വഴങ്ങി അദ്ദേഹം വിവാഹിതനായി. ചെലവൂര്‍ ചീനാംകുഴിയില്‍ ഇടപ്പൊതിയില്‍ മാളുവായിരുന്നു വധു. ഒന്നര വര്‍ഷം കഴിഞ്ഞ് ജോലി അന്വേഷിച്ച് അദ്ദേഹം സിംഗപ്പൂരിലേക്ക് യാത്രയായി. ഈ യാത്ര കുമാരന്‍ നായരുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി മാറി.
കുമാരന്‍ നായര്‍ സിംഗപ്പൂരിലെത്തുമ്പോള്‍ ജനറല്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഐഎന്‍എ ശക്തി പ്രാപിച്ചിരുന്നു. കുമാരന്‍ നായര്‍ ആഗമനോദ്ദേശം തന്നെ മറന്ന് ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ്് ലീഗിന്റെയും ആസാദ് ഹിന്ദ് സര്‍ക്കാരിന്റെയും പ്രചാരകനായി മാറി . ഐഎന്‍എയുടെ രഹസ്യ വിഭാഗത്തിലായിരുന്ന അദ്ദേഹം സൈനിക പരിശീലനത്തിനായി സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. കുമാരന്‍ നായരുടെ രാജ്യസ്‌നേഹവും അസാമാന്യ ധൈര്യവും കണ്ട് സന്തുഷ്ടനായ സുഭാഷ് ചന്ദ്രബോസ് അദ്ദേഹത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലകനായി നിയമിച്ചു. സ്വാതന്ത്ര്യം എത്രയും വേഗം നേടണമെന്നായിരുന്നു ബോസിന്റെ തീരുമാനം. അതിനായി 1944ല്‍ ഐഎന്‍എയുടെ ആസ്ഥാനം സിംഗപ്പൂരില്‍ നിന്ന് ബര്‍മ്മയിലേക്ക് മാറ്റി. അങ്ങനെ കുമാരന്‍ നായരും ബര്‍മയിലെത്തി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കീഴടക്കിയ ജപ്പാന്‍, ഭരണച്ചുമതല ബോസിനെ ഏല്‍പ്പിച്ചത് പ്രവര്‍ത്തനത്തിന് ആക്കം കൂട്ടി. ഒളിപ്പോരായിരുന്നു ഐഎന്‍എയുടെ തന്ത്രപ്രധാനമായ യുദ്ധമുറ. കുമാരന്‍ അത്തരത്തിലൊരു ഗ്രൂപ്പിന്റെ തലവനായിരുന്നു.
ജപ്പാന്‍ കൈവരിച്ച തുടര്‍വിജയത്തിന്നു മുന്നില്‍ ബ്രിട്ടന്‍ പതറിപ്പോയി. ശത്രു ദുര്‍ബലനായിരിക്കുമ്പോള്‍ ആഞ്ഞടിക്കാന്‍ തന്നെ ബോസ് തീരുമാനിച്ചു. ഭാരതത്തില്‍ നുഴഞ്ഞുകയറി ജനങ്ങളെ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധത്തിനു സന്നദ്ധരാക്കാന്‍ അവര്‍ കരവഴി ഭാരതത്തിലേക്ക് നീങ്ങി. ഷില്ലോങ് വഴി ചിന്‍ ഹില്ലിലെത്തി. നിര്‍ഭാഗ്യവശാല്‍ ബ്രിട്ടീഷ് പട്ടാളം അവരെ വളഞ്ഞു. ഒളിപ്പോരാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കുമാരന്‍ നായരുടെ കാല്‍ മുട്ടിന് ഗുരുതര പരിക്കേറ്റു. രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനു ശേഷം അദ്ദേഹത്തെ മദ്രാസ് സെന്‍ട്രല്‍ ജയിലിലടച്ചു. ബ്രിട്ടീഷ് കോടതി അദ്ദേഹത്തെ വിചാരണ ചെയ്ത് തൂക്കി കൊല്ലാന്‍ വിധിച്ചു. 1944 ജൂലൈ ഏഴിന് രാവിലെ 5.30 ന് ഒടുങ്ങാത്ത ആ പോര്‍ വീര്യം അങ്ങനെ കഥാവശേഷനായി.
ബന്ധുക്കളെപ്പോലും അറിയിക്കാതെയാണ് ബ്രിട്ടീഷുകാര്‍ കുമാരന്‍ നായരെ തൂക്കിലേറ്റിയത്. അന്ന് പ്രായം 41. ഭൗതിക ദേഹം പോലും കുടുംബത്തിന് വിട്ടുനല്‍കാതെ ജയില്‍ വളപ്പില്‍ രഹസ്യമായി സംസ്‌കരിച്ചു. മരിക്കുന്നതിന് തലേ ദിവസം അദ്ദേഹം ഭാര്യക്ക് എഴുതിയ കത്ത് ധീരനായ ദേശസ്‌നേഹിയുടെയും ഒപ്പം സ്‌നേഹധനനായ ഭര്‍ത്താവിന്റെയും വികാര വിചാരങ്ങള്‍ മിന്നിമായുന്നതായിരുന്നു. സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയപ്പോള്‍ ഭര്‍ത്താവിന്റെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കാനാവാതെ പോയതില്‍ അദ്ദേഹം വേദനിക്കുന്നതു കാണാം. ഒടുവില്‍ ഭാര്യയെ ഈശ്വരന്റെ കൈകളില്‍ ഏല്‍പ്പിച്ചാണ് കുമാരന്‍ നായര്‍ തന്റെ കത്ത് അവസാനിപ്പിക്കുന്നത്. മരണം വരെ അവര്‍ ആ കത്ത് ഒരു അമൂല്യനിധിയായി ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു. തൂക്കിലേറ്റപ്പെട്ട് ഒരാഴ്ച കഴിഞ്ഞ് കത്ത് കിട്ടുമ്പോഴാണ് വീട്ടുകാര്‍ മരണ വിവരമറിയുന്നത്. തൂക്കിക്കൊന്ന വിവരം ഔദ്യോഗികമായി ബ്രിട്ടീഷുകാര്‍ പുറത്ത് വിടുന്നതാവട്ടെ വീണ്ടും ഒന്നര മാസം കഴിഞ്ഞ് ആഗസ്ത് 24 നാണ്. വിവരമറിഞ്ഞ സുഭാഷ് ചന്ദ്രബോസ് രോഷാകുലനായി പൊട്ടിത്തെറിച്ചു. ബ്രിട്ടീഷുകാരുടെ കിരാതനടപടിയില്‍ പ്രതിഷേധിക്കാനായി റേഡിയോ വഴി അദ്ദേഹം ആഹ്വാനം ചെയ്തു. നാടെങ്ങും പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. സുഭാഷ് ചന്ദ്രബോസ് കുമാരന്‍ നായരെ മരണാനന്തര ബഹുമതി നല്‍കി ആദരിച്ചു.
ഇന്ന് വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നണയുമ്പോള്‍ നമ്മുടെ മുന്നില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. മാതൃഭൂമിയുടെ മോചനത്തിനായി സ്വജീവന്‍ ബലി നല്‍കിയ കുമാരന്‍ നായരോട് നമുക്ക് നീതി പുലര്‍ത്താനായോ എന്നതാണ് ആ ചോദ്യം. ഉത്തരം ഇല്ല എന്നു തന്നെയാണ്. അദ്ദേഹം തന്നെ വെട്ടിയ ഒരു ഗ്രാമീണ റോഡിന് കുമാരന്‍ നായര്‍ റോഡ് എന്ന് നാമകരണം ചെയ്തുവെന്നത് മറക്കുന്നില്ല. കടപ്പാടുകള്‍ക്കെല്ലാം ഇവിടെ പൂര്‍ണ്ണവിരാമമാവുന്നു. പുതിയ തലമുറയ്‌ക്ക് ഇന്ന് അദ്ദേഹത്തെക്കുറിച്ച് കേട്ടറിവുപോലുമില്ല. സ്വാതന്ത്ര്യബോധമുള്ള ഒരു യുവതലമുറ ഉണ്ടാവണമെങ്കില്‍ ആദ്യം എങ്ങനെ നാം സ്വാതന്ത്ര്യം നേടിയെന്ന് അവരെ പഠിപ്പിക്കണം. നമുക്ക് ഈ തിരിച്ചറിവ് എന്നാണുണ്ടാവുക?
















