ന്യൂദല്‍ഹി: സോളാര്‍ പിവി മൊഡ്യൂള്‍ നിര്‍മാണ ശേഷിയില്‍ ഭാരതം 100 ജിഗാവാട്ട് എന്ന ചരിത്ര നേട്ടം കൈവരിച്ചു. അംഗീകൃത മോഡലുകളുടെയും നിര്‍മാതാക്കളുടെയും പട്ടിക (എഎല്‍എംഎം) പ്രകാരം 2014ല്‍ ഇത് വെറും 2.3 ജിഗാവാട്ട് ആയിരുന്നു.
ഭാരതത്തിന്റെ സ്വാശ്രയത്വത്തിനും ശുദ്ധമായ ഊര്‍ജശ്രമങ്ങള്‍ക്കും കരുത്ത് പകരുന്നതിലുള്ള അതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ പ്രശംസിച്ചു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രി നേട്ടത്തെ പ്രശംസിച്ചത്. ‘ഇത് സ്വാശ്രയത്വത്തിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ്. ഭാരതത്തിന്റെ ഉല്‍പ്പാദന ശേഷിയുടെ വിജയത്തെയും ശുദ്ധമായ ഊര്‍ജം ജനപ്രിയമാക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളെയും ഇത് ചിത്രീകരിക്കുന്നു, മോദി എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ മൊഡ്യൂളുകള്‍ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പോലുള്ള പരിവര്‍ത്തന സംരംഭങ്ങളുമാണ് ഈ നേട്ടത്തിന് കാരണമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.
















