ന്യൂദൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചസോട്ടി ഗ്രാമത്തിൽ ഉണ്ടായ വൻ മേഘവിസ്‌ഫോടനത്തിൽ 38 പേർ കൊല്ലപ്പെട്ടു. വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കൂടുതൽ പേർക്ക് ജീവഹാനി ഉണ്ടായിട്ടുണ്ടാകാമെന്നാണ് ആശങ്കപ്പെടുന്നത്.
മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ അവസാന വാഹന ഗതാഗത കേന്ദ്രമാണ് ചസോട്ടി. ഇന്ന് ഉച്ചയ്‌ക്ക് 12 നും ഒന്നിനും ഇടയിലാണ് ദുരന്തം സംഭവിച്ചത്, നിരവധി ഭക്തർ വാർഷിക യാത്രയ്‌ക്കായി ഈ വഴിയിലുണ്ട്.
കിഷ്ത്വാറിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയും 9,500 അടി ഉയരത്തിലുമാണ് ചസോട്ടി. തീർത്ഥാടകർ ക്ഷേത്രത്തിലേക്ക് 8.5 കിലോമീറ്റർ കാൽനടയായാണ് എത്തിച്ചേരേണ്ടത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഈ ദുരന്തത്തെക്കുറിച്ച് എക്‌സിൽ വിവരം പങ്കുവെച്ചു.











