തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുതെന്ന് കേരള കത്തോലിക്കാ കോൺഗ്രസ്. കോടിയേരി ബാലകൃഷ്ണനൊക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് ഗോവിന്ദൻ മറക്കരുത്. മൂന്നാം പിണറായി സർക്കാർ വരണോ എന്ന് അവർ ആലോചിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അവസരവാദി എന്ന് വിളിച്ചതിനാണ് എം.വി ഗോവിന്ദനെതിരെ കേരള കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തിയത്. എം.വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണ്. സുബോധമുണ്ടെങ്കില്‍ തിരുത്തും. മൈക്ക് കാണുമ്പോൾ എന്തെങ്കിലും വിളിച്ചു പറയരുത്. പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനമാണ് എംവി ഗോവിന്ദൻ ഉന്നയിച്ചത്. ബിഷപ്പ് പാംപ്ലാനി അവസരവാദിയാണെന്ന് പറഞ്ഞ അദ്ദേഹം ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപിക്കെതിരെ പറഞ്ഞ പാംപ്ലാനി, ജാമ്യം കിട്ടിയപ്പോൾ അമിത് ഷായെ സ്തുതിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരായാണ് കത്തോലിക്ക കോൺഗ്രസിന്റെ പ്രതികരണം.
നേരത്തെ തലശേരി അതിരൂപത തന്നെ എംവി ഗോവിന്ദനെതിരെ രംഗത്ത് വന്നിരുന്നു. എം വി ഗോവിന്ദന്റെ പരാമർശം ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമെന്നാണ് തലശ്ശേരി അതിരൂപത കുറ്റപ്പെടുത്തിയത്. എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത്? ഛത്തീസ്ഗഡ് വിഷയത്തിലെ കേന്ദ്ര ഇടപെടലിന് നന്ദി അറിയിച്ചതിൽ മാറ്റമില്ല. ഡിവൈഎഫ്ഐയുടെ വിലകുറഞ്ഞ പ്രസ്താവനകൾക്ക് കുടപിടിക്കുന്നത് അപലപനീയമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് അവസരവാദിയെന്ന വിശേഷണത്തിന് ആപ്‌തൻ. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോൽ ആക്കരുത്. സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രിയും വെട്ടിലാക്കുന്ന നിലപാടാണ് എം വി ഗോവിന്ദന്‍റേതെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.
















