ന്യൂദല്‍ഹി: രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ പേപ്പട്ടി കടിച്ച് മരിക്കുന്നവരുടെ എണ്ണവും തെരുവ് നായ ആക്രമണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദല്‍ഹിയിലെ മുഴുവന്‍ തെരുവ് നായ്‌ക്കളെയും തെരുവില്‍ നിന്നും ദൂരെയുള്ള ഷെല്‍റ്ററുകളിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. എട്ടാഴ്ചയ്‌ക്കുള്ളില്‍ ഇത് നടപ്പാക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവ് നായ്‌ക്കളെ പിടിക്കാന്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഏതെങ്കിലും വ്യക്തിയോ മൃഗസ്നേഹികളുടെ സംഘടനാപ്രതിനിധികളോ വന്നാല്‍ കര്‍ശന നടപടി കൈക്കൊള്ളാനും സുപ്രീംകോടതി വിധിച്ചു.
ദല്‍ഹിയിലെ തെരുവുകള്‍ തെരുവ് നായമുക്തമാക്കണമെന്നും അതിനായി ഏത് വിധേനെയും തെരുവ് നായ്‌ക്കളെ പിടികൂടി ദൂരസ്ഥലത്തുള്ള ഒരൊറ്റ വലിയ ഷെല്‍റ്റല്‍ സംവിധാനത്തിനകത്ത് സംരക്ഷണം നല്‍കി, വന്ധ്യംകരിക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. ദല്‍ഹിയില്‍ നിരന്തരമായി കുട്ടികള്‍ക്കും പ്രായമായവര്‍ക്കും നേരെയുള്ള പേപ്പട്ടികളുടെ ആക്രമണവും തെരുവ് നായ ആക്രമണവും ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ വിധി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദ്ദിവാലയും ആര്‍. മഹാദേവനും ചേര്‍ന്നുള്ള സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്ഞറേതാണ് ഈ വിധി.
ഇത്രയും കാലം തെരുവ് നായ്‌ക്കളെ സംരക്ഷിക്കുന്ന സംഘടനകള്‍ക്ക് അനുകൂലമായി നിന്ന സുപ്രീംകോടതിയില്‍ നിന്നും ഇത്തരത്തിലുള്ള ഒരു വിധി വന്നത് മേനകഗാന്ധി ഉള്‍പ്പെടെയുള്ള തെരുവ് നായസ്നേഹികള്‍ക്ക് വലിയ തിരിച്ചടിയായി.
















