തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയാ ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരേ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്‌ക്കല്‍. എന്നെ അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ തനിക്കൊപ്പം നിൽക്കാത്തതിൽ വിഷമമുണ്ടെന്ന് ഡോ. ഹാരിസ് പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ വാര്‍ത്താ സമ്മേളനം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുപ്പതിലേറെ വര്‍ഷമായി കാണുന്നവരാണ്, അവര്‍ പിന്നില്‍നിന്ന് കുത്തുമെന്ന് വിചാരിച്ചില്ല. എന്തിനാണ് അവര്‍ എന്നോട് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും ഹാരിസ് മാധ്യമങ്ങളോടു പറഞ്ഞു. ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന തന്നോട് ഇതേപ്പറ്റി ഒന്ന് ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഡോ. ഹാരിസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തന്നോട് ആരായാതെ പെട്ടെന്ന് വാര്‍ത്താ സമ്മേളനം വിളിച്ചത് തനിക്കും കുടുംബാംഗങ്ങള്‍ക്കും ഞെട്ടലും വേദനയുമുണ്ടാക്കി.
ലോകം മുഴുവന്‍ തന്നെ കള്ളനായി ചിത്രീകരിച്ചു. അവസ്ഥ മനസിലാക്കാതെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി, തെറ്റായ റിപ്പോര്‍ട്ട് മുകളിലേക്ക് കൊടുത്തു. അത് ചെയ്യാന്‍ പാടില്ലായിരുന്നു. കീഴുദ്യോഗസ്ഥന്‍ എന്ന നിലയ്‌ക്ക് അവര്‍ക്ക് എന്നോട് കാര്യങ്ങള്‍ നേരിട്ട് ചോദിക്കാവുന്നതേ ഉള്ളൂ. വിശദീകരണം തേടിയ ശേഷം മാത്രം കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയായിരുന്നുവെന്നും നീതികേടുണ്ടായെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കേണ്ട എന്റെ അതേ ഉത്തരവാദിത്തം ഉള്ളവര്‍ തന്നെ എന്നെ ശത്രുവായി കണ്ടു. അവര്‍ക്കുവേണ്ടികൂടിയാണ് ഞാന്‍ ഇതെല്ലാം പറഞ്ഞത്. അതുപോലും അവര്‍ അനസിലാക്കിയില്ല എന്നത് ബുദ്ധിമുട്ടുണ്ടാക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. അവരുമായി സഹകരിച്ചാണ് ഇനിയും ജോലി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ചില സഹപ്രവര്‍ത്തകര്‍ കുടുക്കാന്‍ നോക്കിയെന്ന് ഡോ. ഹാരിസ് കെജിഎംസിടിഎ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നു. വെള്ളിത്തുട്ടുകള്‍ക്കായി മരണത്തിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചെന്നും അവര്‍ക്ക് കാലം മാപ്പു നല്‍കട്ടേയെന്നുമാണ് അദ്ദേഹം കുറിച്ചത്.
















