
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയെ ദേശീയ ചരക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലായി, പഞ്ചാബില്‍ നിന്ന് കശ്മീര്‍ താഴ്വരയിലേക്ക് ചരക്ക് തീവണ്ടി എത്തി. ചരിത്രത്തില്‍ ആദ്യമായി ജമ്മു കശ്മീരിലേക്ക് എത്തിയ ചരക്ക് തീവണ്ടിയെ സ്വാഗതം ചെയ്യാന്‍ അനന്ത്‌നാഗ് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. മോദി സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ട് മേഖലയിലെ കര്‍ഷകര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.
പഞ്ചാബില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ ദൂരം 18 മണിക്കൂറില്‍ പൂര്‍ത്തിയാക്കിയാണ് പുതുതായി കമ്മിഷന്‍ ചെയ്ത അനന്ത്നാഗ് ഗുഡ്സ് ട്രെയിന്‍ കശ്മീരില്‍ എത്തിയത്. രൂപ്നഗറില്‍ നിന്ന് 21 വാഗണ്‍ സിമന്റ് വഹിച്ചുകൊണ്ട് ആയിരുന്നു ട്രെയിന്‍ അനന്ത്‌നാഗ് ഗുഡ്‌സ് ഷെഡില്‍ എത്തിയത്.
നിര്‍മാണ പദ്ധതികളെ വേഗത്തിലാക്കാനും കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനും ചരക്ക് തീവണ്ടി കശ്മീരിന് ഏറെ ഗുണകരമാകും. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ രാജ്യത്തിന്റെ മറ്റു മേഖലകളിലേക്ക് എത്തിക്കാന്‍ കര്‍ഷകരെ ഈ ചരക്ക് ഗതാഗതം സഹായിക്കും.
ജമ്മു കശ്മീരിലെ വാണിജ്യത്തിനും കണക്റ്റിവിറ്റിക്കും ഒരു മികച്ച ദിനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ഇത് പുരോഗതിയും സമൃദ്ധിയും വര്‍ദ്ധിപ്പിക്കും എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
കശ്മീര്‍ മേഖലയെ ദേശീയ ചരക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതില്‍ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കി.