ന്യൂദല്‍ഹി: ടെലികോം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും പൗരന്മാരെ ശാക്തീകരിക്കുന്നതിലും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സംരംഭമായ സഞ്ചാര്‍ സാഥി ചെലുത്തിയത് സവിശേഷമായ സ്വാധീനം. മൊബൈല്‍ ആപ്പ് പുറത്തിറങ്ങി ആറ് മാസത്തിനുള്ളില്‍ 50 ലക്ഷം ഡൗണ്‍ലോഡുകള്‍ മറികടന്നു.
ഇംഗ്ലീഷിലും ഹിന്ദിയിലും 21 പ്രാദേശിക ഭാഷകളിലും ആപ്പിന്റെ ലഭ്യത വിപുലീകരിച്ചു. വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതിലൂടെ കൂടുതല്‍ എളുപ്പമായി. ഉപയോക്താക്കള്‍ക്ക് വളരെപ്പെട്ടെന്ന് കോള്‍, എസ്എംഎസ് ലോഗുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാം.
സഞ്ചാര്‍ സാഥി സംരംഭത്തിലൂടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ 5.35 ലക്ഷത്തിലധികം മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ വീണ്ടെടുത്തു. റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒരു കോടിയിലധികം അനധികൃത മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനും ചക്ഷു ഫീച്ചര്‍ വഴി ഫ്‌ളാഗ് ചെയ്ത 29 ലക്ഷത്തിലധികം മൊബൈല്‍ നമ്പറുകള്‍ നിര്‍ജീവമാക്കാനും സാധിച്ചിട്ടുണ്ട്. സഞ്ചാര്‍ സാഥി പോര്‍ട്ടലില്‍ 16.7 കോടിയിലധികം സന്ദര്‍ശനങ്ങള്‍ ഇതിനോടകം രേഖപ്പെടുത്തി. ഇത് പൗര കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ വര്‍ദ്ധിച്ചുവരുന്ന പൊതുജന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.
സാമ്പത്തിക തട്ടിപ്പ് സാധ്യതയെ അടിസ്ഥാനമാക്കി മൊബൈല്‍ നമ്പറുകളെ വിലയിരുത്തുകയും തരംതിരിക്കുകയും ചെയ്യുന്ന ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് സൂചികയും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, യുപിഐ സേവന ദാതാക്കള്‍ എന്നിവരെ ഈ സംരംഭം പ്രാപ്തമാക്കുന്നു.
തത്ഫലമായി 34 ധനകാര്യ സ്ഥാപനങ്ങള്‍ 10.02 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍/പേയ്‌മെന്റ് വാലറ്റുകള്‍ മരവിപ്പിക്കുകയും എഫ് ആര്‍ ഐ റേറ്റിങ്ങുകളെ അടിസ്ഥാനമാക്കി 3.05 ലക്ഷം അക്കൗണ്ടുകളില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
2023 മെയ് 16 ന് ആരംഭിച്ച പോര്‍ട്ടലിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ 2025 ജനുവരി 17 നാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പ് അവതരിപ്പിച്ചത്. ഇത് ടെലികോം സുരക്ഷാ സേവനങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ളതും സൗകര്യപ്രദവുമായ പ്രാപ്യത വാഗ്ദാനം ചെയ്യുന്നു.
ആന്‍ഡ്രോയിഡ്, ഐഒഎസ് (iOS) പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഈ ആപ്പ് ഉപയോക്താക്കളെ അവരുടെ ടെലികോം ഐഡന്റിറ്റി സംരക്ഷിക്കാനും സാധ്യതയുള്ള തട്ടിപ്പുകള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാനും പ്രാപ്തരാക്കുന്നു.











