ന്യൂദല്‍ഹി: ഡൊണള്‍ഡ് ട്രംപിന് പരമ്പരാഗതമായി കിട്ടിയ അധികാരം കയ്യിലുണ്ടെങ്കിലും അതിശക്തമായ സമ്പദ്ഘടനയായി കുതിച്ചുയരുന്ന ഇന്ത്യയ്‌ക്ക് ട്രംപിന്റെ ഏത് തിട്ടൂരവും അനുസരിക്കേണ്ട ആവശ്യമില്ലെന്ന് കൊടക് ബാങ്ക് എംഡി ഉദയ് കൊടക്. കാരണം ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയുടെയും ഡോളറിന്റെയും പവര്‍ കയ്യിലുണ്ടെങ്കില്‍, ഇന്ത്യയ്‌ക്ക് ഇന്ത്യയുടേതായ പവര്‍ ഉണ്ടെന്ന കാര്യം അമേരിക്ക അംഗീകരിക്കണമെന്നും ഉദയ് കൊടക്.
ഡൊണാള്‍ഡ് ട്രംപിന്റെ കൈവശം ഡോളറിന്റെ പവര്‍ ഉണ്ട്. യുഎസ് ധനകാര്യസംവിധാനങ്ങളുടെ പവര്‍ ഉണ്ട്. യുഎസ് സൈനിക സംവിധാനത്തിന്റെ പവര്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന അധീശത്വവും ഉണ്ട്. ഡൊണാള്‍ഡ് ട്രംപ് ആ പവറിന്റെ കസേരയില്‍ ഇരുന്നാണ് കാര്യങ്ങള്‍ നടക്കുന്നത്. എല്ലാവരും എന്തുകൊണ്ടാണ് ഡോളറില്‍ പണം നിക്ഷേപിക്കുന്നത്? അതിന് കാരണം ഡോളറിലുള്ള വിശ്വാസമാണ്. ഡോളറിന്റെ മൂല്യം കുറയില്ലെന്ന വിശ്വാസമാണ്. ഈ വിശ്വാസം ദീര്‍ഘകാലം കൊണ്ട് ആര്‍ജ്ജിച്ചെടുത്തതാണ്. പക്ഷെ വ്യാപാരത്തീരുവയിലൂടെ രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇപ്പോഴത്തെ ട്രംപിന്റെ രീതി ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന ഒന്നല്ല. ഹ്രസ്വകാലത്തേക്ക് ഗുണം ചെയ്യാമെന്ന് മാത്രം. – ഉദയ് കൊടക് പറയുന്നു.
അതേ സമയം ഇന്ത്യ ഒരു കുതിച്ചുയരുന്ന സാമ്പത്തിക ശക്തിയാണ്. ചൈനയുടെയും യുഎസിന്റെയും കയ്യില്‍ പെടാതെ ഇന്ത്യ സ്വന്തം നിലയില്‍ ഉയരണം. നമുക്ക് ഒരു ആഭ്യന്തരഅജണ്ടയും ഒരു ആഗോള അജണ്ടയും ഉണ്ട്. ഇതിന്റെ രണ്ടിന്റെയും ഇടയില്‍ പെടരുത്. ഇന്ത്യയെ ശല്ല്യപ്പെടുത്തുന്ന കാര്യങ്ങളാണ് ട്രംപ് ചെയ്യുന്നത്. അതിനാണ് പാകിസ്ഥാനെ കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ ഈഗോ വളരെ വലുതാണ്. ചൈനയെ യുഎസിന് വേണം. കാരണം റെയര്‍ എര്‍ത്ത് കിട്ടാന്‍ ചൈന ആവശ്യമാണ്. അതിനാല്‍ ചൈനയെ പിണക്കാന്‍ ട്രംപ് മുതിരില്ല.- ഉദയ് കൊടക് പറഞ്ഞു.
ചൈനയ്‌ക്ക് ഗുണം ചെയ്യുന്ന രീതിയിലുള്ള നടപടികളാണ് യുഎസ് എടുക്കുന്നത്. ചൈനയും യുഎസും തുല്യ ശക്തികളാണ്. ഇന്ത്യയാകട്ടെ വളരുന്നവരുന്ന സാമ്പത്തിക ശക്തിയാണ്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചൈനയും യുഎസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഇടയില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മള്‍ ഇതിനുള്ളില്‍ പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. -ഉദയ് കൊടക് പറയുന്നു.
















