1977 നവംബറിലെ ഒരു പ്രഭാതത്തില്‍ മദ്രാസിലെ പ്രസിദ്ധമായ എവിഎം സി തിയേറ്ററില്‍ 23 വയസ് മാത്രമുള്ള ഒരു ചെറുപ്പക്കാരന്‍ പാട്ടെഴുതിയ പേപ്പറുമായി നില്ക്കുന്നു. അല്പം ഭയത്തോടെയാണ് ആ ചെറുപ്പക്കാരന്റെ നില്‍പ്പ്. അവിടെയുണ്ടായിരുന്നവര്‍ നിസാരക്കാരല്ല. നിത്യഹരിത നായകനായ പ്രേം നസീര്‍, ഗാനഗന്ധര്‍വന്‍ യേശുദാസ്, എം.കെ. അര്‍ജുനന്‍ മാഷ്. കാണാന്‍ കൊതിച്ചിരുന്നവരെല്ലാം തൊട്ടടുത്ത് നില്ക്കുന്നു. സംഘര്‍ഷവും സന്തോഷവും ചേര്‍ന്ന പ്രത്യേക മാനസികാവസ്ഥയിലായിരുന്നു ആ യുവാവ്. അക്കാലത്ത് റെക്കോഡിങ്ങിന് പ്രേം നസീര്‍ എത്തുമായിരുന്നു. താനെഴുതിക്കൊണ്ടുവന്ന ആ ഗാനം അര്‍ജുനന്‍ മാഷിന് നല്കി ആകാംക്ഷയോടെ കാത്തിരുന്നു. മാഷ് അത് വായിച്ചുനോക്കിയിട്ട് സന്തോഷത്തോടെ അതിന് ഈണം പകര്‍ന്നു. പ്രേം നസീറും വിധുബാലയും നായികാനായകന്മാരായി അഭിനയിച്ച് 1978ല്‍ പുറത്തിറങ്ങിയ രാജു റഹിം എന്ന ചിത്രത്തിലെ രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ എന്ന ഗാനം രചിച്ച ആര്‍.കെ. ദാമോദരനായിരുന്നു ആ ചെറുപ്പക്കാരന്‍. ആ ഗാനം സൂപ്പര്‍ഹിറ്റായി. മഹാരാജാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമയ്‌ക്കായി പാട്ടെഴുതിയ വ്യക്തിയും ദാമോദരനായിരുന്നു. യേശുദാസ് ആ ഗാനം പാടിയപ്പോള്‍ അവസാനവരിയിലെ കൗമാര സങ്കല്പ നിര്‍വൃതിയും എന്ന് പാടുമ്പോള്‍ നിര്‍വൃതി എന്നത് യേശുദാസിന് പാടുമ്പോള്‍ സുഖമായി തോന്നിയില്ല. ആരാണിത് എഴുതിയത്? ആ വാക്ക് മാറ്റാന്‍ പറ്റുമോയെന്ന് അര്‍ജുനന്‍ മാഷിനോട് ചോദിച്ചു. ദാമോദരന്‍ എത്ര ശ്രമിച്ചിട്ടും പരിഭ്രമത്താല്‍ മറ്റൊരു വാക്ക് കണ്ടെത്താനായില്ല. അവസാനം മാഷ് തന്നെ യേശുദാസിനോട് പറഞ്ഞു, സാധിക്കുന്നില്ലായെന്ന്. എന്നാല്‍ യേശുദാസ് അതിമനോഹരമായി തന്നെ നിര്‍വൃതി എന്നു പാടി. റെക്കോഡിങ് കഴിഞ്ഞ് തിരിച്ചുപോരാന്‍ നേരത്താണ് എറണാകുളത്ത് നിങ്ങളുടെ നാട്ടുകാരനാണെന്ന് പറഞ്ഞ് ആര്‍.കെ. ദാമോദരനെ, അര്‍ജുനന്‍ മാഷ് യേശുദാസിന് പരിചയപ്പെടുത്തുന്നത്. വളരെ സ്‌നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു പയ്യനായ തന്നോട് യേശുദാസിന്റേതെന്ന് ആര്‍കെ ഓര്‍ക്കുന്നു. ഒരുപാട് വിശേഷങ്ങള്‍ ചോദിക്കുകയും തോളില്‍ തട്ടി ഗാനഗന്ധര്‍വന്‍ അഭിനന്ദിക്കുകയും ചെയ്തു.
ഹനീഫയിലൂടെ വന്ന നിയോഗം
സിനിമാഗാന രചനാരംഗത്തേക്ക് തിരിയുന്നതില്‍ ആര്‍കെയുടെ അച്ഛന്‍ എതിരായിരുന്നു. മകന്റെ സ്വഭാവം മോശമാകുമെന്ന ഭയമായിരുന്നു അതിനുപിന്നില്‍. എന്നാല്‍ അമ്മാവന്റെ പ്രോത്സാഹനമുണ്ടായിരുന്നു. തികച്ചും യാദൃച്ഛികമായിട്ടുള്ള നിയോഗമായിരുന്നു അത്. കൊച്ചിന്‍ ഹനീഫയായിരുന്നു അതിന് സഹായിച്ചത്. എറണാകുളം സെന്റ്. അഗസ്റ്റിന്‍ സ്‌കൂളില്‍ കൊച്ചിന്‍ ഹനീഫ സീനിയറായി പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു ദാമോദരനും അവിടെയത്തുന്നത്. കൊച്ചിന്‍ ഹനീഫ അന്ന് രാജാപാര്‍ട്ട് വേഷംകെട്ടി നാടകം കളിക്കുമായിരുന്നു. അന്നൊക്കെ ചെറുതായിട്ട് എഴുതുമായിരുന്നു ആര്‍കെ. അതുകഴിഞ്ഞ് മഹാരാജാസില്‍ മലയാളത്തിന് ചേര്‍ന്നു. ഹനീഫ സെന്റ്. ആല്‍ബര്‍ട്ട്‌സ് കോളജിലായിരുന്നു. ഹനീഫയുടെയും ആര്‍കെയുടെയും സുഹൃത്തായ അയ്യപ്പന്‍കാവിലെ പ്രസന്നകുമാറാണ് ആര്‍കെയെക്കുറിച്ച് ഹനീഫയോട് പറയുന്നത്. സെന്റ്. ആല്‍ബര്‍ട്ട്‌സിലെ പഠനം കഴിഞ്ഞ് അദ്ദേഹം മദ്രാസിലേക്ക് പോയിരുന്നു. പാട്ടുകള്‍ എഴുതുന്ന കാര്യവും ആര്‍കെയുടെ കഴിവിനെക്കുറിച്ചും പ്രസന്നകുമാര്‍ പലതവണ പറഞ്ഞതിനുശേഷമാണ് ഹനീഫ ഒരു ലെറ്റര്‍ ആര്‍.കെ. ദാമോദരന് എഴുതുന്നത്. ഉടനെ മദ്രാസിലെത്തണം. ശ്രീസായ് ഫിലിംസിന്റെ ഒരു പടത്തില്‍ പാട്ടെഴുതാനുണ്ട്. എങ്ങനെ എഴുതിക്കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വയലാര്‍, ഭരണിക്കാവ് ശിവകുമാര്‍ തുടങ്ങിയ പ്രഗത്ഭരാണ് ഇവര്‍ക്കായി പാട്ടെഴുതിയിരുന്നത്. വയലാര്‍ 75ല്‍ വിടപറഞ്ഞു. ഒരു പാട്ടെഴുതി മദ്രാസിലേക്ക് വന്ന് അര്‍ജുനന്‍ മാഷിനെ കാണുവാനായിട്ടായിരുന്നു ഹനീഫ നിര്‍ദേശിച്ചത്. അങ്ങനെയാണ് മദ്രാസില്‍ എത്തുന്നതും ആര്‍.എസ്. ശ്രീനിവാസന്‍ നിര്‍മിച്ച് വി.പി. സാരഥി, കൊച്ചിന്‍ ഹനീഫ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത രാജു റഹീം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ‘രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ…’ എന്ന ആദ്യപാട്ടുതന്നെ സൂപ്പര്‍ഹിറ്റായി. ഇതോടെയാണ് ദാമോദരന്‍ എന്ന പാട്ടെഴുത്തുകാരന്‍ ജനിക്കുന്നത്. ചലച്ചിത്ര ഗാനരചനാരംഗത്ത് 92-ാമനായിരുന്നു ആര്‍.കെ. ദാമോദരന്‍.
മഞ്ഞപ്രയുടെ കലാപാരമ്പര്യം
സംഗീതജ്ഞരുടെ നാടായ പാലക്കാട് മഞ്ഞപ്രയിലാണ് ആര്‍.കെ. ദാമോദരന്റെ ജനനം. ചെമ്പൈയുടെ സമകാലീനരായിരുന്ന പ്രശസ്ത സംഗീതജ്ഞന്‍ മഞ്ഞപ്ര ദേവേശ രാമനാഥന്‍ എന്ന എം.ഡി. രാമനാഥന്‍, പാലക്കാട് മണി അയ്യര്‍, കല്യാണകൃഷ്ണ ഭാഗവതര്‍ തുടങ്ങി സംഗീത ലോകത്തെ അതികായന്മാരും പല്ലാവൂര്‍ അപ്പുമാരാര്‍, തൃത്താല കേശവ പൊതുവാള്‍ തുടങ്ങി ചെണ്ടവാദ്യത്തിലെ പ്രമാണിമാരുമെല്ലാം പാലക്കാടിന്റെ മക്കളാണ്. ഇങ്ങനെ കലാപാരമ്പര്യമുള്ള ദേശത്താണ് ദാമോദരന്റെ പിറവിയും. 1953 ആഗസ്ത് ഒന്നിന് (കര്‍ക്കടകത്തിലെ രേവതി) പാലക്കാട് മഞ്ഞപ്ര കോതനത്ത്ചിറയില്‍ കളത്തില്‍ രാമന്‍കുട്ടി നായരുടെയും പാലക്കാട് പള്ളത്തേരി കപ്പടത്ത് പുത്തന്‍വീട്ടില്‍ കല്യാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കുടുംബത്തില്‍ തന്നെ സംഗീത പാരമ്പര്യമുള്ളവര്‍ നിരവധിയാണ്. വലിയ ഗാനരചയിതാവാണെങ്കിലും സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. വേലയും കൊട്ടും, സംഗീതജ്ഞരുമായുള്ള ആത്മബന്ധവുമാണ് സംഗീതത്തില്‍ അഗാധ ജ്ഞാനമുണ്ടാക്കിയത്. പാട്ടുപഠിക്കാത്തവര്‍, അറിയാത്തവര്‍ ആരും തന്നെയില്ലായെന്നതാണ് പാലക്കാടിന്റെ പ്രത്യേകത. എന്നാല്‍ കാഞ്ഞിലശേരി ബാബുമാരാരുടെ കീഴില്‍ കൊട്ട് പഠിക്കുകയാണ് ആര്‍കെ ചെയ്തത്. മാരാത്ത് പോയി പുളിമുട്ട് കൊണ്ട് കൊട്ടി പഠിക്കണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.സി. നാരായണനും ഒപ്പമുണ്ടായിരുന്നു. അക്കാലഘട്ടത്തില്‍ അമ്പലത്തില്‍നിന്ന് പടച്ചോറ് കഴിച്ചാണ് കഴിഞ്ഞിരുന്നത്. പണ്ടൊക്കെ പാലക്കാട് വിവാഹാലോചനകളില്‍ പെണ്‍കുട്ടിക്ക് സംഗീതമറിയില്ലെങ്കില്‍ അതൊരു കുറവായിട്ടായിരുന്നു കരുതിയിരുന്നത്.
നെല്ലും കൃഷിയുമെല്ലാമുള്ള വലിയൊരു തറവാടായിരുന്നു ആര്‍കെയുടേത്. പല്ലാവൂര്‍ അപ്പുമാരാരുമെല്ലാം കൊട്ടുകഴിഞ്ഞ് ഇവിടെവന്ന് താമസിക്കുമായിരുന്നു. അദ്ദേഹം ഇത്ര ഗംഭീരനാണെന്ന് അന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതമാണ് ദാമോദരന്. ആര്‍കെയുടെ അച്ഛന് കൊട്ടിലുള്ള കമ്പമാണ് ഇതിലേക്ക് പല്ലാവൂരുമായി അടുപ്പിച്ചത്. പാലക്കാടാണ് ജനിച്ചതെങ്കിലും വളര്‍ന്നതും വിദ്യാഭ്യാസവും കര്‍മരംഗവുമെല്ലാം എറണാകുളമായിരുന്നു. അച്ഛനും അമ്മയും എല്ലാവരും പാലക്കാട്ടുകാര്‍. മുത്തച്ഛന്‍ കെ.പി. ശങ്കരനാരായണ മേനോന് ഹൈക്കോടതിയില്‍ ജോലി ലഭിച്ചപ്പോഴാണ് ആര്‍കെ കുടുംബത്തോടെ എറണാകുളത്തെത്തുന്നത്.
സംഗീതത്തിലെ ‘ദാമോദര’ പ്രതിഭകള്‍
ആര്‍.കെ. ദാമോദരനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും തമ്മില്‍ സവിശേഷതകള്‍ ഏറെയാണ്. പ്രായത്തില്‍ സീനിയര്‍ കൈതപ്രമാണെങ്കിലും ഗാനരചനാരംഗത്ത് ആര്‍കെയാണ് സീനിയര്‍. ചലച്ചിത്ര ഗാനരചനയില്‍ 1977ല്‍ 92-ാമനായിട്ടാണ് ആര്‍കെ എത്തുന്നത്. 1986 ല്‍ 170-ാമനായിട്ടാണ് കൈതപ്രത്തിന്റെ രംഗപ്രവേശം.
രണ്ടുപേരും കര്‍ക്കടകത്തിലെ രേവതി നക്ഷത്രക്കാരാണ്. 27 നക്ഷത്രങ്ങളില്‍ രേവതി മാത്രമാണ് രാഗ നക്ഷത്രം എന്ന പ്രത്യേകതയുമുണ്ട്. കൈതപ്രത്തിന് 75 ഉം ആര്‍കെക്ക് 72 ഉം ഈ 14ന് തികയും. രണ്ടുപേരും മലബാറുകാരാണ്. കൈതപ്രം കണ്ണൂരും ആര്‍കെ പാലക്കാടുമാണ് ജനിച്ചത്. രണ്ടുപേരും ഒരേ സ്ഥാപനത്തിലെ പ്രൂഫ് വിഭാഗത്തിലാണ് ജോലി ചെയ്തത്. രണ്ടുപേരും ജുബ്ബാധാരികളും മൂകാംബിക ഭക്തരുമാണെന്ന് ആര്‍കെ സരസമായി പറയുന്നു. ജോണ്‍സണ്‍ ആദ്യം സംഗീതം ചെയ്യുന്നത് ആര്‍.കെ. ദാമോദരന്റെ വരികള്‍ക്കാണ്. ഇണയെത്തേടി എന്ന ചിത്രത്തില്‍ പി. ജയചന്ദ്രന്‍ ആലപിച്ച ഗാനം. ദാമോദരനില്‍ തുടങ്ങിയ ജോണ്‍സണ്‍ മറ്റൊരു ദാമോദരന്‍ (കൈതപ്രം ദാമോദരന്‍) ടീമായി മാറുകയായിരുന്നു. യേശുദാസ് തന്നെയാണ് കൈതപ്രത്തിന്റെ ആദ്യ ഗാനവും ആലപിച്ചത്. കൈതപ്രം ജോലി രാജിവച്ച് പൂര്‍ണമായും സംഗീതലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ആര്‍കെ ജോലിക്കൊപ്പം തന്നെ ഗാനരചനയും നിര്‍വഹിച്ചു.
മൂകാംബികാ ദേവിയുടെ വരദാനം
തികഞ്ഞ മൂകാംബിക ഭക്തനാണ് ആര്‍കെ. ഗോവിന്ദ അഡിഗകളില്‍ നിന്ന് മന്ത്രദീക്ഷയും സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 118 ചിത്രങ്ങള്‍ക്കു വേണ്ടി ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും, സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍, ലീലാതിലകമണിഞ്ഞു വരും തുടങ്ങി മലയാളികള്‍ എന്നും മൂളുന്ന നിരവധി ഗാനങ്ങളതിലുണ്ട്. ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തി സ്വാമി, ഇളയരാജ ഉള്‍പ്പെടെയുള്ള സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ആര്‍കെ കരുതുന്നത്.
ദാമോദരനെ കൂടുതല്‍ അറിയുന്നത് അദ്ദേഹം എഴുതിയ ഭക്തിഗാനങ്ങളിലൂടെയാണ്. 1980 ല്‍ പുറത്തിറങ്ങിയ ഹരിശ്രീ പ്രസാദം എന്ന ആല്‍ബത്തിനുവേണ്ടിയാണ് ആദ്യമായി ഭക്തിഗാനങ്ങള്‍ എഴുതിയത്. ടി.എസ്. രാധാകൃഷ്ണനായിരുന്നു സംഗീത സംവിധായകന്‍. പി. ജയചന്ദ്രന്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, കാവാലം ശ്രീകുമാര്‍, കല്യാണി മേനോന്‍, മെഹബൂബ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ച ഈ ആല്‍ബം അക്കാലത്ത് വന്‍ ഹിറ്റായിരുന്നു. ഭക്തിരാഗത്തില്‍ ഏറ്റവും കൂടുതല്‍ എഴുതിയിരിക്കുന്നത് എസ്. രമേശന്‍ നായരും ആര്‍.കെ. ദാമോദരനുമാണ്. അയ്യപ്പ ഭക്തിഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ രചിച്ചിട്ടുള്ളത് ആര്‍കെയാണ്. പമ്പാ ഗണപതി തൊട്ട് ഏഴ് കാസറ്റുകള്‍. രണ്ടായിരത്തിലധികം ഭക്തിഗാനങ്ങള്‍ എന്നിവയെല്ലാം ഈ രേവതിരാഗ സുകൃതത്തില്‍ നിന്നുണ്ടായിട്ടുള്ളതാണ്.
അധുനാതനം, കഥ രാവണീയം എന്നീ രണ്ട് കവിതാസമാഹാരങ്ങളും അമ്മേ നാരായണ, അരവണമധുരം എന്നീ ഗാനസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുട്ടികളുടെ വിഭാഗത്തിന്റെ ചുമതല വഹിക്കുമ്പോള്‍ കുഞ്ഞുണ്ണിമാഷ് 1985 ആഗസ്ത് 6 മുതല്‍ തുടര്‍ച്ചയായി 10 ലക്കം ആര്‍കെയുടെ കവിത പ്രസിദ്ധീകരിച്ചിരുന്നു. 1996-ല്‍ പുറത്തിറങ്ങിയ മകരോത്സവം എന്ന ആല്‍ബത്തിനു വേണ്ടി രചിച്ച തറവാട്ടില്‍ മലയാളിയ്‌ക്കയ്യനയ്യപ്പന്‍ സ്വാമിയ്‌ക്ക്… എന്ന ഗാനത്തിന്റെ പല്ലവിയില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലെയും പ്രയോഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
പരസ്യഗാനവും ഗൗരിയമ്മയും
ചലച്ചിത്ര ഗാനങ്ങളും ഭക്തിഗാനങ്ങളും മാത്രമല്ല പരസ്യഗാനങ്ങളും ആര്‍.കെ. ദാമോദരന്റേതായുണ്ട്. ഭീമ ജ്വല്ലറിക്ക് വേണ്ടി എഴുതിയ’പെണ്ണായാല്‍ പൊന്നുവേണം, പൊന്നിന്‍കുടമായിടേണം’ എന്ന പരസ്യഗാനം ജനം ഏറ്റെടുത്തതാണ്. ഒരിക്കല്‍ ഒരു സുഹൃത്തുവഴി കെ.ആര്‍. ഗൗരിയമ്മയോട് സംസാരിക്കാനിടവന്നപ്പോള്‍ ഈ ഗാനത്തിന്റെ പേരില്‍ ആര്‍കെയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തത്. സ്ത്രീ സങ്കല്‍പം ഇങ്ങനെയല്ലായെന്ന് പറഞ്ഞായിരുന്നു ഗൗരിയമ്മ രോഷം കൊണ്ടത്. എന്നാല്‍ സ്ത്രീധനം എന്ന സിനിമയ്‌ക്കായി ‘സ്ത്രീയെ മഹാലക്ഷ്മി എന്നറിയാതെ സ്ത്രീധനം ചോദിക്കും ആചാരം’ എന്ന പാട്ട് എഴുതിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഗൗരിയമ്മയ്‌ക്ക് സന്തോഷമായി. അവര്‍ ആര്‍കെയെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ ഗൗരിയമ്മയെ കാണാന്‍ പോകാന്‍ സാധിച്ചില്ലായെന്ന കുണ്ഠിതവും ആര്‍കെയ്‌ക്കുണ്ട്.
നിരവധി നാടകഗാനങ്ങളും രചിച്ചിട്ടുണ്ട്. എം.എസ്. തൃപ്പൂണിത്തുറയെപ്പോലുള്ള വലിയ കലാകാരന്മാര്‍ ആര്‍കെയുടെ ഗാനം പാടി നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലളിതഗാനരംഗത്തും നിറസാന്നിധ്യം. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ ആര്‍കെയുടെ ദ്വാപരയുഗത്തിന്റെ എന്നു തുടങ്ങുന്ന ലളിതഗാനം 17 വര്‍ഷത്തോളം ഒന്നാം സമ്മാനം നേടി. ആകാശവാണിയില്‍ ആര്‍കെയുടെ ലളിതഗാനങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. അഞ്ചുമാസം മുന്‍പ് കൊച്ചി എഫ്എമ്മിന് വേണ്ടി പരിസ്ഥിതി ഗാനങ്ങള്‍ രചിച്ചിരുന്നു. ദുരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കാട്ടിലെ കണ്ണന്‍ എന്ന സീരീയലിലെ ‘കണ്ണിലുണ്ണിയാണെ കണ്ണനാണെ’ എന്ന ടെറ്റില്‍ ഗാനം രചിച്ചതും ആര്‍കെയാണ്. കായികലോകത്തിന് വേണ്ടിയും നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകക്കപ്പ് ഏകദിന ക്രിക്കറ്റിനോടനുബന്ധിച്ച് രചിച്ച വിജയീ ഭവഃ എന്ന ഗാനം എടുത്തുപറയണം. മുന്നണി വ്യത്യാസമില്ലാതെ നിരവധി രാഷ്‌ട്രീയ ഗാനങ്ങളും നേതാക്കള്‍ക്കായി എഴുതിയിട്ടുണ്ട്. സംസ്‌കൃത ഗാനങ്ങളും പ്രത്യേകതയാണ്.
ആദ്ധ്യാത്മിക പ്രഭാഷണ വേദിയിലെ നിറസാന്നിദ്ധ്യമാണ് ആര്‍കെ. ഏഴു പതിറ്റാണ്ടു പിന്നിടുന്ന ജീവിതത്തില്‍ ആര്‍കെയുടെ കരസ്പര്‍ശത്തില്‍ വിരിഞ്ഞത് 3700 ഓളം ഗാനങ്ങളാണ്.
അംഗീകാരങ്ങള്‍
കേരള സംഗീതനാടക അക്കാദമിയുടെ ‘കലാശ്രീ’ പുരസ്‌കാരം, കുഞ്ഞുണ്ണിമാസ്റ്റര്‍ പുരസ്‌കാരം, വാദ്യമിത്ര സുവര്‍ണ്ണമുദ്ര, അയ്യപ്പഗാനശ്രീ പുരസ്‌കാരം, ഇപ്റ്റയുടെ ദേശീയോദ്ഗ്രഥന ഗാനപുരസ്‌കാരം, നാന മിനി സ്‌ക്രീന്‍ അവാര്‍ഡ്, രേവതി പട്ടത്താനം പുരസ്‌കാരം, എറണാകുളത്തപ്പന്‍ പുരസ്‌കാരം, രേവതി പട്ടത്താനം മനോരമ തമ്പുരാട്ടി പുരസ്‌കാരം, തൃത്താല കേശവപ്പൊതുവാള്‍ സ്മാരക പുരസ്‌കാരം, ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം, ഐവര്‍മഠം മാധവാചാര്യ പുരസ്‌കാരം തുടങ്ങി 25 ഓളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: വടക്കന്‍ പറവൂര്‍ ഏഴിക്കര മഠത്തിപ്പറമ്പില്‍ രാജലക്ഷ്മി. ഏകമകള്‍: അനഘ.
















