ആലപ്പുഴ: പിഡിപി നേതാവും കൂട്ടുപ്രതികളായ അഞ്ചുപേരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആംബുലന്‍സില്‍ സ്വന്തം സ്ഥലമായ ആലപ്പുഴ താമരക്കുളത്തേക്ക് സുഖയാത്ര നടത്തിയത് വിവാദമായി.
സംഭവത്തില്‍ പൊതുപ്രവര്‍ത്തകനായ ചാരുംമൂട് താമരക്കുളം സ്വദേശി ഷെമീര്‍ഖാന്‍ മോട്ടോര്‍വാഹന വകുപ്പിനുള്‍പ്പടെ പരാതി നല്‍കി. 2014ല്‍ ചാരുംമൂട് താമരക്കുളത്ത് ഡിവൈഎഫ്ഐ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ 9 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട പിഡിപി നേതാവ് സിനോജ് താമരക്കുളവും കൂട്ടുപ്രതികളുമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും അപ്പീല്‍ ജാമ്യത്തിന്മേല്‍ വീട്ടിലേക്ക് ആംബുലന്‍സ് യാത്ര നടത്തിയത്.
പിഡിപി നേതാവ് സിനോജ് താമരക്കുളം സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീലിനു പോവുകയും അപ്പീല്‍ ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ അപ്പീല്‍ രേഖകളുമായി എറണാകുളത്തു നിന്ന് ചാരുംമൂട് താമരക്കുളത്ത് എത്തിയപ്പോള്‍ വൈകിട്ട് അഞ്ച് മണി കഴിഞ്ഞിരുന്നു.
താമരക്കുളത്തു നിന്ന് 110 കിലോമീറ്ററിലേറെ ദൂരമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒരു സാധാരണ വാഹനത്തില്‍ എത്തുകയില്ല എന്ന് മനസിലാക്കിയ ഇവര്‍ ആംബുലന്‍സ് ഉപയോഗിക്കുകയായിരുന്നു എന്ന് പരാതിക്കാരന്‍ പറയുന്നു. താമരക്കുളത്ത് നിന്നും സിനോജ് താമരക്കുളത്തിന്റെ വക്കീലും മറ്റു ബന്ധുക്കളുമായി ബീക്കണ്‍ ലൈറ്റിട്ട് സൈറണ്‍ മുഴക്കി ജനങ്ങളെയും പോലീസിനെയുമടക്കം തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പോയതെന്ന് പരാതിയില്‍ പറയുന്നു.
ആംബുലന്‍സ് ദുരുപയോഗത്തിനെതിരെ ഗതാഗത മന്ത്രി, ആര്‍ടിഒ, എന്‍ഫോഴ്‌സ്മെന്റിനും, മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഷെമീര്‍ഖാന്‍ പറയുന്നു. ആംബുലന്‍സില്‍ താമരക്കുളത്ത് രാത്രിയില്‍ എത്തിയ പ്രതികള്‍ക്ക് പിഡിപി നേതാക്കള്‍ മാലയിട്ടു സ്വീകരണം നല്‍കുന്നതും സ്ത്രീകള്‍ അടക്കമുള്ളവര്‍ സ്വീകരിക്കുന്നതും നവമാധ്യമങ്ങളില്‍ വീഡിയോ വഴി പ്രചരിക്കുന്നുണ്ട്. പിഡിപിയുടെ ശക്തികേന്ദ്രമായാണ് പ്രദേശം അറിയപ്പെടുന്നത്.
















