ആദികാവ്യമായ രാമായണം രാമന്റെ അയനത്തിലൂടെ പകര്‍ന്നു നല്‍കുന്നത് എക്കാലത്തും പ്രാവര്‍ത്തികമാക്കാവുന്ന ജീവിതപാഠങ്ങളാണ്. രാമായണം രാമന്റെ അയനത്തിനൊപ്പം സീതയുടെ അയനം കൂടിയാണ്. ‘മാനിഷാദ’ എന്ന അദ്ദേഹത്തിന്റെ ആശീര്‍വചനം ഉള്ളിലൊളിപ്പിച്ച ശാപവചസ് ഹിംസയും അനീതിയും വ്യാപകമാകുന്ന ഇക്കാലയളവില്‍ രാമായണത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. അജ്ഞാനത്തിന്റെ മറനീക്കി വിജ്ഞാനത്തിന്റെ നിറദീപം അവനവനുള്ളില്‍ തെളിയിച്ചാല്‍ ഏതു കാട്ടാളനും ബഹുമാന്യപദവിയിലെത്താമെന്ന് രാമായണം നമ്മേ പഠിപ്പിക്കുന്നു. രാമായണം വാല്മീകയുടെ ജീവിതകഥയിലൂടെ പകര്‍ന്നു നല്‍കുന്ന വലിയ സന്ദേശമാണ് അവനവനില്‍ ഉറങ്ങിക്കിടക്കുന്ന ആത്മചൈതന്യത്തെ അറിയുക എന്നത്.
ശരിയായ തിരിച്ചറിവ് ജീവിതം അപ്പാടേ മാറ്റിമറിച്ചേക്കാം. പരമാണുപൊരുളിലും സ്ഫുരണമായ് തെളിയുന്ന അറിവിന്റെ വെളിച്ചത്തെ കൂടുതല്‍ ദീപ്തമാക്കി(ഉദ്ധരേദാത്മനാത്മാനം) ആര്‍ക്കും അമരത്വം നേടാമെന്ന് രാമായണം തെളിയിക്കുന്നു. അതിന് ജാതിയോ, മതമോ, കുലമോ ഒന്നും തടസ്സമല്ല. ഗുഹന്‍ എന്ന നിഷാദരാജാവിലൂടെയും, ജടായു എന്ന പക്ഷിശ്രേഷ്ഠനിലൂടയും ഹനുമാന്‍, സുഗ്രീവന്‍, ബാലി ആദിയായ വാനരശ്രേഷ്ഠരിലൂടയും ഈ തത്ത്വം രാമായണത്തില്‍ ഊട്ടി ഉറപ്പിക്കുന്നു. ആത്മജ്ഞാനത്തെ തിരിച്ചറിഞ്ഞ് വാല്മീകിയായി അമരത്വം നേടിയ നിഷാദനായ രത്‌നാകരനു മുന്നില്‍ കാലംപോലും കൂപ്പുകൈകളോടെ നമിച്ചു നില്‍ക്കുന്നു എന്നത് അതിന്റെ ബാക്കിപത്രം.
സമാന തത്ത്വങ്ങള്‍ വേറേയും രാമായണം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ‘കനകംമൂലം കാമിനിമൂലം കലഹം പലവിധ മുലകില്‍ സുലഭം’ എന്ന പഴഞ്ചൊല്ല് കൈകേയി, ശൂര്‍പണഖ, മന്ഥര തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പതിരില്ലാത്തതെന്നുറപ്പിക്കുന്നു. സ്വര്‍ണ്ണമാനിനോടുള്ള ആസക്തിയാണ് സീതക്കു ദുഃഖഹേതുവാകുന്നത്. രാജ്യഭാരം മകനു ലഭിക്കാനുള്ള ആഗ്രഹമാണ് കൈകേയിയുടെ അധഃപതനത്തിനു കാരണം. ശൂര്‍പ്പണഖയുടെ ചാപല്യവും വിലാപവും ഒപ്പം രാക്ഷസീയകാമവുമാണ് രാവണനെ സീതാപഹരണത്തിന് പ്രേരിപ്പിക്കുന്നത്. നിരങ്കുശമല്ല സ്വാതന്ത്ര്യമെന്നും ലക്ഷ്മണരേഖകള്‍ ലംഘിക്കാനുള്ളതല്ലെന്നുമുള്ള ഗുണപാഠം ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ലക്ഷ്മണരേഖകള്‍ ലംഘിച്ച് എത്രയെത്ര അപകടങ്ങളിലേക്കാണ് ഇന്നത്തെ യുവത്വം ചെന്നുചാടുന്നത്.
കര്‍മ്മഫലം ഇച്ഛിക്കാതെ കര്‍മ്മംചെയ്യാന്‍ വാനരന്മാരിലൂടെ രാമായണം അനുശാസിക്കുന്നു. രാസേതു നിര്‍മ്മാണത്തിന് തന്നാലാവുംവിധം പങ്കെടുത്ത അണ്ണാന്‍കുഞ്ഞിന്റെ കഥയും പ്രസിദ്ധം. ‘അണ്ണാന്‍ കുഞ്ഞിനും തന്നാലായത്’ എന്ന ചൊല്ല് വലിയൊരു തത്ത്വമാണ് വെളിവാക്കുന്നത്. തന്നാലാവുന്നത് മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുന്നത് വളരെ വലിയ കാര്യമാണെന്ന് ഈ കഥ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. സകല ചരാചരങ്ങളിലും ഈശ്വര ചൈതന്യം ദര്‍ശിച്ച്, ഒന്നിനേയും ചെറുതായി കാണാതെ അഹംവെടിഞ്ഞ് അകംതെളിഞ്ഞ് മോക്ഷപ്രാപ്തി നേടേണ്ട വഴിയേ ആണ് രാമന്‍ നടന്നത്. അതാണ് രാമായണവഴി. രാമയണത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനും അതിലൂടെ സനാതനമായ ജീവിതദര്‍ശനങ്ങളുടെ വിവിധ വശങ്ങള്‍ ഗ്രഹിക്കാനും പ്രാവര്‍ത്തികമാക്കാനും കര്‍ക്കടകമാസ രാമായാണപാരയണ, പഠന, മനനങ്ങള്‍ നിമിത്തമാകട്ടേ.
(പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജ് മുന്‍പ്രിന്‍സിപ്പലാണ് ലേഖകന്‍)
















