തിരുവനന്തപുരം: ആറ്റിങ്ങലില്‍ പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ എത്തിച്ച നവജാതശിശു മരിച്ചു. ആലംകോട് സ്വദേശിനി 23 കാരിയുടെ കുഞ്ഞാണ് മരിച്ചത്.
ഏഴു മാസം ഗര്‍ഭിണിയായ യുവതിക്ക് ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടു മണിയോടുകൂടി വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് പൂര്‍ണവളര്‍ച്ച എത്താത്ത ആണ്‍കുഞ്ഞിന് വീട്ടില്‍ വെച്ചുതന്നെ ജന്മം നല്‍കുകയുമായിരുന്നു. പിന്നാലെ കുഞ്ഞിനെ കുടുംബം ആശുപത്രിയില്‍ എത്തിച്ചു.
സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്ക് അവശതയുണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിലേക്ക് കൊണ്ടുപോയില്ല എന്നടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.
എന്നാല്‍ യുവതിക്ക് പ്രസവവേദന ആയിരുന്നുവെന്നുള്ള കാര്യം തിരിച്ചറിയാനായില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്ക് അള്‍സര്‍ ഉണ്ടായിരുന്നതിനാല്‍ അതാകും അസ്വസ്ഥത കാണിച്ചത് എന്നാണ് കരുതിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. പിന്നീടാണ് പ്രസവവേദനയാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ തന്നെ യുവതി വീട്ടില്‍ പ്രസവിച്ചു.എന്നാല്‍ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്നാണ് ആംബുലന്‍സില്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.
















