പത്തനംതിട്ട: പുല്ലാട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയയാള്‍ പിടിയില്‍. ശ്യാമയെ (ശാരിമോള്‍,34) കൊലപ്പെടുത്തിയ കേസില്‍ കവിയൂര്‍ കോട്ടൂര്‍ സ്വദേശി ജയകുമാറിനെയാണ് (അജി, 42) തിരുവല്ലയിലെ ഒളിസങ്കേതത്തില്‍ നിന്ന് സ്പെഷ്യല്‍ ബ്രാഞ്ച് പിടികൂടിയത്.
ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി വഴക്കും മര്‍ദ്ദനവും പതിവായതോടെ നേരത്തെ ശ്യാമ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സമാധാനിപ്പിച്ച് അയയ്‌ക്കുകയാണ് പൊലീസ് ചെയ്തതെന്ന് ആക്‌ഷേപമുണ്ട്. ശ്യാമയുടെ പുല്ലാട്ടെ വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
ശ്യാമയെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളായ ശശി, രാധാമണി എന്നിവര്‍ക്കും കുത്തേറ്റു ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സലാണ്. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്.
















