തിരുവനന്തപുരം: പൃഥ്വിരാജിന് അവാര്‍ഡ് കിട്ടാതിരിക്കാന്‍ കാരണം എമ്പുരാന്‍ കാരണമെന്ന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ഉര്‍വ്വശി. അവാര്‍ഡുകളില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നും ഉര്‍വ്വശി പറഞ്ഞു.
എമ്പുരാന്‍ എന്ന സിനിമ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഹിന്ദുസമുദായത്തെ ഏകപക്ഷീയമായി വിമര്‍ശിക്കുന്ന ഒന്നായിരുന്നു. ഇതിന്റെ സംവിധായകന്‍ പൃഥ്വിരാജായിരുന്നു. ഇതാണ് അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ കാരണമായതെന്നാണ് നടി ഉര്‍വ്വശി പറഞ്ഞതിനര്‍ത്ഥം. ഉര്‍വ്വശിയുടെ പ്രതികരണത്തിന് യുവ ബിജെപി നേതാവ് യുവരാജ് ഗോകുല്‍ നല്‍കിയ മറുപടി വൈറലായി ഫെയ്സ് ബുക്കില്‍ പ്രചരിക്കുകയാണ്. ‘ഞങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു’, എന്നായിരുന്നു യുവരാജ് ഗോകുല്‍ നടത്തിയ പ്രതികരണം.

ദേശീയ അവാര്‍ഡുകളില്‍ തീര്‍ച്ചയായും ജൂറിയുടെ കാഴ്ചപ്പാട് പ്രതിഫലിക്കുമെന്നുറപ്പാണ്. അശോതോഷ് ഗൊവാരികര്‍ എന്ന ലഗാന്‍ ഉള്‍പ്പെടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തിയായിരുന്നു ഇത്തവണത്തെ ദേശീയപുരസ്കാരസമിതി ചെയര്‍മാന്‍. ആടുജീവിതം എന്ന സിനിമയുടെ അഡാപ്റ്റേഷനെക്കുറിച്ച് വലിയ മതിപ്പ് അശുതോഷ് ഗൊവാരികറിന് ഇല്ലായിരുന്നു. അഭിനേതാക്കളുടെ പ്രകടനത്തിന് ആധികാരികതയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ ജൂറിയിലെ പല അംഗങ്ങളും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത് എന്നറിയുന്നു. ഇതാകാം ഒരു പക്ഷെ പൃഥ്വിരാജ് പിന്തള്ളപ്പെടാന്‍ ഒരു കാരണം.
ഇതെല്ലാം ജൂറികളുടെ വ്യക്തിനിഷ്ഠമായ പ്രതികരണമാണ്. അതുകൊണ്ട് ബ്ലെസിയുടെ ആടുജീവിതമോ, പൃഥ്വിരാജിന്റെ അഭിനയമോ മോശമാണെന്ന് അര്‍ത്ഥവുമില്ല. സത്യം ഇതായിരിക്കെ, ബിജെപി വിരുദ്ധ, മോദി വിരുദ്ധ മാധ്യമങ്ങള്‍ ദേശീയ അവാര്‍ഡില്‍ രാഷ്‌ട്രീയം കലര്‍ത്തി പരമാവധി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. യൂട്യൂബ് വാര്‍ത്താ ചാനലുകളാണ് ഉര്‍വ്വശിയുടെ ദേശീയ അവാര്‍ഡ് സമിതിക്കെതിരായ അഭിപ്രായപ്രകടനങ്ങള്‍ പരമാവധി പ്രചരിപ്പിക്കുന്നത്. രാഷ്‌ട്രീയ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് വാര്‍ത്താചാനലുകളുടെ പ്രചരണത്തില്‍ നടി ഉര്‍വ്വശിയും വീണുപോയോ എന്നും ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
സൗത്ത് ഇന്ത്യ, നോര്‍ത്ത് ഇന്ത്യ ചേരിതിരിവും വിമര്‍ശനങ്ങളില്‍ ഉര്‍വ്വശി ഉയര്‍ത്തിയിരുന്നു. ഇതുവരെ കാണാത്ത ഉര്‍വ്വശിയുടെ മുഖമാണ് ദേശീയ അവാര്‍ഡിനോടുള്ള പ്രതികരണത്തില്‍ കാണുന്നത്. മറ്റാരുടെയോ അജണ്ട നടപ്പാക്കാന്‍ ഉര്‍വ്വശി കരുവായിത്തീര്‍ന്നോ എന്നാണ് പലരും സംശയിക്കുന്നത്.
















