കഴിഞ്ഞ മാസം ,2025 ജൂലൈ ആദ്യം, ഞങ്ങൾ, ജന്മഭൂമി ചീഫ് സബ് എഡിറ്റർ ആർ. പ്രദീപും ഞാനും (കാവാലം ശശികുമാർ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജന്മഭൂമിക്ക് വേണ്ടിയുള്ള അഭിമുഖത്തിനിരിക്കുമ്പോഴത്തെ ചിത്രം കണ്ട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു: ‘ ആ ഇരിപ്പിൽ എന്താ ഭക്തി, ബഹുമാനം, ആദരവ്. അത്രയൊക്കെ വേണോ?’ മാദ്ധ്യമപ്രവർത്തകരിൽ ചിലർക്കുള്ള ധാർഷ്ട്യം, മേൽക്കോയ്‌മ കാട്ടൽ തുടങ്ങിയ പ്രവൃത്തികളെ ആക്ഷേപിച്ചുകൊണ്ടായിരിക്കണം സുഹൃത്തിന്റെ ചോദ്യമെന്ന് തോന്നി.
‘സജ്ജനങ്ങളെ കാണുമ്പോൾ ലജ്ജ കൂടാതെ വീണു നമിക്കണം’ എന്ന ജ്ഞാനപ്പാനപാടി, കാലിന്മേൽ കാൽ കയറ്റി ഇരിക്കണമെന്നത് മാധ്യമ ലോകത്ത് നിയമല്ലെന്നും അഭിപ്രായപ്പെട്ടു. ഭാരത ഭരണം നയിക്കുന്നവരിൽ രണ്ടാമന്റെ മുന്നിലാണിരിക്കുന്നത് എന്നതിലെ അഭിമാനം ആ ഇരിപ്പിലുണ്ടെന്നു പറഞ്ഞു. അനിർബാൻ ഗാംഗുലി എഴുതിയ ‘അമിത് ഷാ ആൻഡ് ദ് മാർച്ച് ഓഫ് ബിജെപി’ എന്ന ഇംഗ്ലീഷ് പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട് എന്നും.
അമിത് ഷാ, ഭാരതത്തിൽ ഏറ്റവും കാലം ആഭ്യന്തര മന്ത്രിയായിരുന്ന ആൾ എന്ന പദവിയിലെത്തുമ്പോൾ കനൽവഴികളിൽ നടന്ന് ചരിത്രത്തിലേക്ക് കയറിയ ആളെന്ന തലത്തിൽത്തന്നെ ആ വളർച്ച അടയാളപ്പെടുത്തണം.
ഗുജറാത്തിൽ സംഘപരിവാർ സംഘടനകളിൽ പ്രവർത്തനം തുടങ്ങിയ ഷാ, അവിടെ പാർട്ടി പ്രവർത്തനത്തിന് ചുമരുകളിൽ പോസ്റ്റർ ഒട്ടിച്ച് പ്രവർത്തിച്ച കാലമുണ്ട്. ക്രമത്തിൽ പാർട്ടിയുടെ പ്രാദേഗിക, ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് സംഘടനാ ഉത്തരവാദിത്വങ്ങൾ വഹിച്ച് വളർന്നപ്പോൾ മികച്ച സംഘാടകനെന്ന കീർത്തി നേടി. സംസ്ഥാനത്തെ പാർട്ടിയുടെ അടിത്തറ കെട്ടിപ്പൊക്കിയവരിൽ ഷായുടെ പങ്ക് വലുതാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായപ്പോൾ ഭരണ നൈപുണിയും വ്യക്തമായി.
എന്നാൽ, കേന്ദ്രത്തിൽ യുപിഎ സർക്കാർ ഭരിക്കെ, പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ, 15 വർഷം മുമ്പ് ഷൊറാബുദീൻ ഷേഖ് ഏറ്റുമുട്ടൽക്കൊലക്കേസിൽ വ്യാജമായിപ്പെടുത്തി അമിത് ഷായെ സിബിഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. ജാമ്യം കിട്ടിയപ്പോൾ ഗുജറാത്തിൽ കയറാൻ അനുവദിക്കാതെ വിലക്കി. കോടതി വഴി, നിയമവഴിയിൽത്തന്നെ കുറ്റവിമുക്തനായി. ഈ ചുരുക്കി എഴുത്തിലൊതുങ്ങുന്നതല്ല ആ പീഡനപർവവും അതിനെതിരെ നേടിയ ചരിത്ര വിജയവും. അതും അതിജീവിച്ച്, അക്കാലത്ത് ബിജെപിയുടെ യുപി തെരഞ്ഞെടുപ്പിൽ തന്ത്രം ചമച്ച് വമ്പൻ വിജയം നേടിയതോടെ അമിത് ഷാ എന്ന രാഷ്‌ട്രീയ ചാണക്യൻ പിറക്കുകയായിരുന്നു. 2014 ലെ പൊതു തെരഞ്ഞെടുപ്പിൽ ഷായുടെ തന്ത്രത്തിന്റെ പൂർണഫലം കണ്ടു. ബിജെപി അധ്യക്ഷനെന്ന നിലയിൽ ഭാരതത്തിലെ അല്ല, ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ അംഗങ്ങളുള്ള കക്ഷിയായി ബിജെപിയെ ചരിത്രത്തിൽ കയറ്റിയിരുത്തി.
ആദ്യ മോദി മന്ത്രിസഭയിൽത്തന്നെ ഏത് വകുപ്പിന്റെയും മന്ത്രിയാകാമായിരുന്നു. പക്ഷേ, പാർട്ടി-സംഘടനാ നിർമ്മാണ ദൗത്യം ഏറ്റെടുത്തു. 20l9 ൽ രണ്ടാം മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായി. തുടങ്ങിയത് പുതിയ ചരിത്രം. ചരിത്രത്തിലെ തെറ്റുതിരുത്തുകളുടെ തുടക്കം; ആദ്യ പ്രഖ്യാപനം കശ്മീരിലെ വകുപ്പ് 370 ന്റെ മരവിപ്പിക്കലായിരുന്നു. പറഞ്ഞതെല്ലാം നടപ്പാക്കി. നീതി, നിയമം, സഹകരണം, പോലീസ് സേനാ നവീകരണം, ആഭ്യന്തര സുരക്ഷയുടെ ശാക്തീകരണം… ചരിത്രപരമായ നയനിലപാടുകളും നടപടികളും.
അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഞങ്ങളുടെ ചോദ്യങ്ങൾ കേട്ടത് ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ, ശ്രദ്ധയോടെ, പുഞ്ചിരിയോടെ. മറുപടികളിൽ നിശ്ചയ ദാർഢ്യത്തിന്റെ കാരിരുമ്പുറപ്പ്.
നക്സലിസം പ്രഖ്യാപിച്ച സമയപരിധിയിൽ ഓ ഒടുക്കുമോ? എന്ന് ചോദ്യം. പുഞ്ചിരിയോടെ മറുപടി, പൂർത്തീകരിച്ചത് കർശന പ്രസ്താവനയോടെ. പോപ്പുലർ ഫ്രണ്ടിനെക്കുറിച്ച് ചോദ്യം; ഇരുചെവിയും കൂർപ്പിച്ച്, ഓരോ വാക്കിലും സാകൂതം ശ്രദ്ധിച്ച് പിന്നെ മറുപടി; ഉരുക്കുമുഷ്ടികൊണ്ട് നേരിടും; ഭാവത്തിൽ, വാക്കിൽ ദാർഢ്യം. ചിന്തയിൽ, വാക്കിൽ, പ്രവൃത്തിയിൽ രാഷ്‌ട്ര താൽപര്യം ലക്ഷ്യം വയ്‌ക്കുമ്പോൾ അത് ആഭ്യന്തര മന്ത്രിയുടെയോ വകുപ്പിന്റെയോ മാത്രമല്ല, രാജ്യത്തിന്റെതന്നെ ചരിത്രമായി മാറുകയാണ്.
ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് 2258 ദിവസം, അതായത് ആറ് വർഷവും 68 ദിവസവുമായി അമിത് ഷായാണ്.
ബിജെപിയുടെ നേതൃത്വത്തിൽ അൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി എൻഡിഎ ഭരണകാലത്ത് ലാൽ കൃഷ്ണ അദ്വാനി സൃഷ്ടിച്ച ചരിത്രം പുതുക്കുകയാണ് ഇപ്പോൾ അമിത് ഷാ.
നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാംവട്ട ഭരണത്തിൽ, 2019 മെയ് 30 നാണ് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. ആദ്യ മോദി മന്ത്രിസഭയിൽ രാജ്നാഥ് സിങ് ആയിരുന്നു ആഭ്യന്ത മന്ത്രി (5വർഷം 3 ദിവസം).
എൽ.കെ. അദ്വാനി 2256 ദിവസം ആഭ്യന്തര മന്ത്രിയായിരുന്നു. 1998 മാർച്ച് 19 മുതൽ 2004 മെയ് 22 വരെ. അദ്ദേഹം കോൺഗ്രസ് നേതാവായിരുന്ന ഗോവിന്ദ് വല്ലഭ് പാന്തിന്റെ ഭരണകാല ചരിത്രമാണ് തിരുത്തിയത്. പാന്ത്, ആറു വർഷവും 56 ദിവസവും ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടർന്നു. 1955 ജനുവരി 10 മുതൽ 1961 മാർച്ച് 7 വരെയായിരുന്നു വല്ലഭ് പാന്ത് ആഭ്യന്തരം ഭരിച്ചത്. രാജ്യത്തെ ആദ്യത്തെ ആഭ്യന്തര മന്ത്രി,
ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന സർദാർ വല്ലഭ് ഭായ് പട്ടേൽ മൂന്ന് വർഷവും 119 ദിവസവുമാണ് ആഭ്യന്തര മന്ത്രിയായിരുന്നത്; 1947 ആഗസ്ത് 15 മുതൽ 1950 ഡിസംബർ 12 വരെ.
















