ഒഴിവുകള്‍ 4987, തിരുവനന്തപുരം ഐബിയില്‍ 334
വിജ്ഞാപനം www.mha.gov.in, www.ncs.gov.in ല്‍
ഓഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ഇന്റലിജന്‍സ് ബ്യൂറോ (ഐബി) സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു ഉള്‍പ്പെടെ ഇന്ത്യയിലെ 37 സബ്‌സിഡിയറി ഐബികളിലായി ആകെ 4987 ഒഴിവുകളുണ്ട് (തിരുവനന്തപുരത്ത് 334). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഐബി പ്രവര്‍ത്തിക്കുന്നത്. ശമ്പള നിരക്ക് 21700-69100 രൂപ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സായി ലഭിക്കും. കൂടാതെ നിരവധി ആനുകൂല്യങ്ങളുമുണ്ട്.
ഇനി പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാന സ്ഥിരതാമസക്കാരായിരിക്കണം. പ്രാദേശികഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം. ഇന്റലിജന്‍സ് വര്‍ക്കില്‍ ഫീല്‍ഡ് എക്‌സ്പീരിയന്‍സ് അഭികാമ്യം.
പ്രായപരിധി 17.8.2025 ല്‍ 18-27 വയസ്. പട്ടികജാതി/വര്‍ഗ്ഗം, മികച്ച കായികതാരങ്ങള്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഈ തസ്തികകളിലേക്ക് ഭിന്നശേഷിക്കാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
അപേക്ഷാ ഫീസ് 650 രൂപ. എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 550 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, എസ്ബിഐ ചെലാന മുഖേന ഫീസ് അടയ്‌ക്കാം. ഓണ്‍ലൈനില്‍ ഓഗസ്റ്റ് 17 വരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.
സെലക്ഷന്‍ ടെസ്റ്റിന് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.
















