തൃശൂര്‍:കനത്ത മഴയുടെ സാഹചര്യത്തില്‍ തൃശൂര്‍, കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. കണ്ണൂരില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി.
മറ്റ് രണ്ട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം.
എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഇല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച മഞ്ഞ ജാഗ്രതയാണ്.
കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കന്‍ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്.
















