തൂത്തുക്കുടി: വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിന്നുള്ള ആദ്യ കാര്‍ പുറത്തിറക്കി. അവരുടെ ആദ്യത്തെ വിദേശ ഫാക്ടറിയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ളത്. ഈ പ്ലാന്റിന് പ്രതിവര്‍ഷം 50,000 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രാരംഭ ശേഷിയുണ്ട്, ഇത് 150,000 ആയി ഉയര്‍ത്താം. ഇതിന്റെ ആദ്യ വാഹനങ്ങള്‍ VF 7, VF 6 എന്നീ രണ്ട് പ്രീമിയം ഇലക്ട്രിക് എസ്യുവികളായിരിക്കും. പ്ലാന്റ് അഞ്ചു വര്‍ഷത്തിനുളളില്‍ 3500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
വിന്‍ഫാസ്റ്റ് തങ്ങളുടെ നിരവധി ഘടക വിതരണക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്, ചിലര്‍ തങ്ങളുടെ ഉല്‍പ്പാദനത്തിന്റെ ഒരു ഭാഗം ഇന്ത്യയിലെ വ്യവസായ പാര്‍ക്കിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് വിന്‍ഫാസ്റ്റ് ഏഷ്യ സിഇഒ ഫാം സാന്‍ ചൗ പറഞ്ഞു.
ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ ഷോറൂമുകളില്‍ കാറുകള്‍ പുറത്തിറക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു. വാഹനങ്ങളുടെ വില വെളിപ്പെടുത്തിയിട്ടില്ല.
















