തിരുവനന്തപുരം: സനാതന പാരമ്പര്യത്തിലും സംസ്‌കാരത്തിലും വിശ്വാസമില്ലാത്തവര്‍ അതിനെ വിമര്‍ശിക്കാര്‍ വരരുതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. നമ്മുടെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവരാണ് അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടത്. അല്ലാത്തവര്‍ നിശബ്ദരായിരിക്കണം. അതിനെ സംരക്ഷിക്കാനുള്ള ബാധ്യത വിശ്വാസികളുടേതാണ്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശ്രീകാര്യം ഇളംകുളം മഹാദേവക്ഷേത്രത്തിലെ പതിനൊന്നാമത് മഹാരുദ്ര യജ്ഞത്തിന്റെയും പ്രഥമ ശിവപുരാണ യോഗത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് ചെയ്യരുത്, അത് ചെയ്യരുത്’ എന്ന് പലരും പറയുന്നു. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കാത്തവര്‍ അതിനെ എതിര്‍ക്കാന്‍ വരരുത്. വിശ്വസിക്കുന്നവര്‍ക്കറിയാം എന്ത് ചെയ്യണമെന്ന്. ധര്‍മ്മത്തില്‍ വിശ്വസിക്കാത്തവര്‍ ആ ധര്‍മ്മത്തെ വിമര്‍ശിക്കാന്‍ വരേണ്ടതില്ല. നമ്മുടെ ധര്‍മ്മത്തെ സംരക്ഷിക്കാന്‍ നമുക്കറിയാം. മറ്റുള്ളവരുടെ ഇടപെടല്‍ ആവശ്യമില്ല. ഇന്ന് ധര്‍മ്മത്തിനെതിരെ നിരവധി വെല്ലുവിളികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സംസ്‌കാരം അടുത്ത തലമുറയ്‌ക്ക് പകര്‍ന്നു കൊടുക്കാന്‍ നമുക്ക് കഴിയണം. പുതിയ തലമുറ തെറ്റായ വഴിയില്‍ പോയാല്‍ അവരെ കുറ്റം പറയരുത്. കുറ്റം നമ്മുടെതു കൂടിയാണ്. സംസ്‌കാരം പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് നാം നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കാതെ പോയാല്‍, നാളെ അതിനെ സംരക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നത് ഓര്‍ക്കണം. സനാതനധര്‍മ്മത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും വെല്ലുവിളികളെ നേരിടാന്‍ ഈ ധര്‍മ്മം ശക്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇളംകുളം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് ആരംഭിക്കുന്ന ശ്രീ മഹാരുദ്ര യജ്ഞവും മഹാശിവപുരാണ യജ്ഞവും 15ന് സമാപിക്കും. മഹാശിവപുരാണ യജ്ഞത്തിന്റെ ആചാര്യന്‍ ഭൂമാനന്ദതീര്‍ത്ഥ പാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ടി.എസ്സ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേത്രം തന്ത്രി കൃഷ്ണ പ്രശാന്ത് നീലകണ്ഠരു, ട്രസ്റ്റ് സെക്രട്ടറി കൃഷ്ണകുമാര്‍. എസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്രത്തിലെത്തിയ ഗവര്‍ണറെ പൂര്‍ണ്ണ കുംഭം നല്‍കിയാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ എതിരേറ്റത്.
















