ടോക്കിയോ : ജപ്പാനിലെ നാര പ്രവിശ്യയിലെ 114 വയസ്സുള്ള ഷിഗെക്കോ കഗാവ രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി. 114 വയസ്സുള്ള മിയോക്കോ ഹിരോയാസുവിന്റെ മരണശേഷമാണ് കഗാവ ജപ്പാനിലെ മുതുമുത്തശ്ശിയായത്. ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് മെഡിക്കൽ സ്കൂളിൽ നിന്ന് കഗാവ ബിരുദം നേടി. യുദ്ധസമയത്ത് ഒസാക്കയിലെ ഒരു ആശുപത്രിയിൽ കഗാവ സേവനമനുഷ്ഠിക്കുകയും പിന്നീട് ഒരു പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായി തന്റെ കുടുംബത്തിന്റെ ക്ലിനിക്ക് നടത്തുകയും ചെയ്തു. 86 വയസ്സുള്ളപ്പോളാണ് അവർ വിരമിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ലെ ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖ വാഹകരുടെ കൂട്ടത്തിൽ 109 വയസുണ്ടായിരുന്ന കഗാവയും പങ്കെടുത്തിരുന്നു.
നേരത്തെ കഗാവ തന്റെ ദീർഘായുസ്സിന്റെ രഹസ്യം പറഞ്ഞിരുന്നു. “എനിക്ക് ഒരു രഹസ്യവുമില്ല, ഞാൻ എല്ലാ ദിവസവും ഞാൻ പുറത്തിറങ്ങി വിവിധതരം കളികളിൽ ഏർപ്പെടുന്നു. എന്റെ ഊർജ്ജമാണ് എന്റെ ഏറ്റവും വലിയ ആസ്തി. ഞാൻ ആഗ്രഹിക്കുന്നിടത്തേക്ക് പോകും, എനിക്ക് വേണ്ടത് കഴിക്കും, എനിക്ക് വേണ്ടത് ചെയ്യും. ഞാൻ സ്വതന്ത്രയാണ്.” – 2023 ൽ ടിഒഎസ് ന്യൂസ് അവരുടെ ദീർഘായുസ്സിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ കഗാവ പറഞ്ഞു.
ഷിഗെക്കോ കഗാവയ്‌ക്ക് മുമ്പ് ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ഹിരോയാസു ഒയിറ്റ. പ്രിഫെക്ചറിലെ ഒരു നഴ്‌സിംഗ് ഹോമിൽ വച്ച് അവർ മരിക്കുമ്പോൾ അവർക്ക് 114 വയസ്സായിരുന്നു. 1911 ൽ ജനിച്ച ഹിരോയാസു ടോക്കിയോയിൽ കല അഭ്യസിച്ചു, തുടർന്ന് ഹിരോഷിമ പ്രിഫെക്ചറിൽ അധ്യാപികയായി.
അതേ സമയം മൊത്തം ജനസംഖ്യയിൽ കുറവുണ്ടായിട്ടും ജപ്പാനിലെ വൃദ്ധജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 സെപ്റ്റംബർ 1 ലെ കണക്കനുസരിച്ച് ജപ്പാനിൽ 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 36 ദശലക്ഷം (മൊത്തം ജനസംഖ്യയുടെ 29 ശതമാനം) ആണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന വൃദ്ധജന അനുപാതമാണിത്. ജപ്പാൻ ആഭ്യന്തര, വാർത്താവിനിമയ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർ ഇപ്പോൾ മൊത്തം ജനസംഖ്യയുടെ 10 ശതമാനമാണെന്നാണ്.
















