തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്‌ക്ക് പതിനാല് വര്‍ഷമായി ശമ്പളം ലഭിക്കാത്ത വിഷമത്തില്‍ ഷിജോ ത്യാഗരാജന്‍ എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനില്‍കുമാര്‍ എന്‍. ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷന്‍ ക്ലര്‍ക്ക് ബിനി ആര്‍ എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്.
സ്‌കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.
പത്തനംതിട്ട നാറാണംമുഴിയിലാണ് ഭാര്യയ്‌ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തത്.നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ ലേഖ സുരേന്ദ്രന്‍.പതിനാല് വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ല.
















