കണ്ണൂർ: സി. സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിമാറ്റിയ എട്ട് പ്രതികൾ 30 വർഷങ്ങൾക്ക് ശേഷം കീഴടങ്ങി. തലശേരി കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. മട്ടന്നൂര്‍ പഴശ്ശിയിൽ വെച്ച് കേസിലെ പ്രതികൾക്ക് സിപിഎം നേതാക്കളുടെ വക സ്വീകരണം നൽകിയ ശേഷമായിരുന്നു കോടതിയിൽ കീഴടങ്ങാനായി എത്തിയത്. ഈ സ്വീകരണത്തിൽ മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ജയിലിലേക്ക് പോകുന്നതിന് മുമ്പായുള്ള യാത്രയയപ്പിന്റെ വീഡിയോയും പുറത്തുവന്നു.
തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റും. സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. എന്നാൽ, ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികള്‍. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയിൽ ഹാജരായത്. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്.
1994 ജനുവരി 25-ന് രാത്രി, മുപ്പതാമത്തെ വയസ്സിൽ, സദാനന്ദൻ മാസ്റ്ററുടെ ജന്മഗ്രാമമായ പെരിഞ്ചേരിക്ക് സമീപം സിപിഎം ഗുണ്ടകൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ, അവർ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിമാറ്റി, രക്തം വാർന്ന് റോഡരികിൽ ഉപേക്ഷിച്ചു. പതിനഞ്ച് മിനിറ്റിനുശേഷം പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഫെബ്രുവരി ആറിന് നിശ്ചയിച്ച സഹോദരിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ബന്ധുവീടുകൾ സന്ദർശിച്ചു മടങ്ങുകയായിരുന്നു അദ്ദേഹം. ആക്രമണം കണ്ടുനിന്ന ആൾക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകൾ എറിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എൽപി സ്കൂൾ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം.
















