കോഴിക്കോട്: സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ വെളിച്ചെണ്ണ ഒഴികെ എല്ലാ സാധനങ്ങളും ഇപ്പോൾ ലഭ്യമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വെളിച്ചെണ്ണ ഉടനെത്തുമെന്നും ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് നൽകുക. ഓഗസ്റ്റ് മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്‌ക്ക് സപ്ലൈക്കോയിലൂടെ ലഭിക്കും. അതേ കാർഡുകാർക്ക് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനും സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ലഭിക്കും.
വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന പരിശോധന നടത്തണമെന്നും മന്ത്രി അറിയിച്ചു. സപ്ലൈകോയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നു പറഞ്ഞ മന്ത്രി ഇപ്പോൾ അവസ്ഥയിൽ മാറ്റം വന്നതായും സിപിഐ ജില്ലാസമ്മേളനങ്ങളിലെ വിമർശനം സ്വാഭാവികം എന്നും പ്രതികരിച്ചു.
















