പത്തനംതിട്ട: ഭാര്യയ്‌ക്ക് 12 വര്‍ഷമായി ശമ്പളക്കുടിശിക ലഭിക്കാത്തതിനാല്‍ മകന് എന്‍ജിനിയറിംഗ് അഡ്മിഷന്‍ മുടങ്ങുമെന്ന ഭയത്താല്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. അത്തിക്കയം വടക്കേച്ചെരുവില്‍ ഷിജോ (47) ആണ് മൂന്നാംപാറ വനത്തില്‍ തൂങ്ങിമരിച്ചത്. ഷിജുവിന്‌റെ ഭാര്യ രേഖ രവീന്ദ്രന്‍ 12 വര്‍ഷമായി നാറാണമൂഴിയിലെ എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയാണ്. എന്നാല്‍ ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ ആരോപിച്ചു. മന്ത്രി ഇടപെട്ടിട്ടും ഫലമുണ്ടായില്ല.
മകന് ഈറോഡ് എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനത്തിന് പണം കണ്ടെത്താന്‍ ശമ്പളക്കുടിശികയ്‌ക്ക് അവസാനവട്ടം ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ല. ഇതിന്‌റെ നിരാശയിലാണ് ഷിജോ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
















