ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ പദ്ധതികൾക്ക് ജീവിച്ചിരിക്കുന്ന നേതാക്കളുടെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി. ഡിഎംകെ സർക്കാരിന്റെ ‘ഉങ്കളുടൻ സ്റ്റാലിൻ’ എന്ന പേരിലുള്ള പദ്ധതിക്കെതിരേ അണ്ണാ ഡിഎംകെ എം പി സി വി ഷൺമുഖവും അഭിഭാഷകൻ ഇനിയനും സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജീവിച്ചിരിക്കുന്നവരുടെ പേരുകളിലാവരുത് സർക്കാർപദ്ധതികൾ. നേതാക്കളുടെ പേര് പദ്ധതികൾക്ക് നൽകുന്നത് സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണ്. അതിനാൽ സംസ്ഥാന സർക്കാർ പദ്ധതികൾക്ക് ‘എം കെ സ്റ്റാലിന്റെ’ പേരോ ചിത്രമോ നൽകരുതെന്ന് കോടതി വ്യക്തമാക്കി.
തന്റെ ഹർജി തീർപ്പാക്കുംവരെ ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയുടെ പേരിൽ ഏതെങ്കിലും പദ്ധതി നടപ്പാക്കുന്നതിൽനിന്ന് സംസ്ഥാനസർക്കാരിനെ തടയണമെന്നായിരുന്നു ഷൺമുഖം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ‘സ്റ്റാലിൻ’ എന്ന പേര് ഒഴിവാക്കേണ്ട കാര്യവും പ്രത്യേകം പരാമർശിച്ചു. മുഖ്യമന്ത്രിയുടെ പേര് ഉൾക്കൊള്ളുന്ന ‘ഉങ്കളുടൻ സ്റ്റാലിൻ’, ‘നലം കാക്കും സ്റ്റാലിൻ തിട്ടം’ തുടങ്ങിയ പദ്ധതികളെ ഉദ്ധരിച്ച്, അത്തരം ബ്രാൻഡിംഗ് പൊതു ഖജനാവിന്റെ ചെലവിൽ അനാവശ്യ രാഷ്‌ട്രീയ ലാഭം സൃഷ്ടിക്കുന്നുവെന്ന് ഹർജി വാദിച്ചു.
സർക്കാർപരസ്യങ്ങളിൽ മുൻമുഖ്യമന്ത്രിമാരുടെയോ പാർട്ടി സ്ഥാപകനേതാക്കളുടെയോ ചിത്രമോ പാർട്ടിചിഹ്നമോ പതാകയോ ഉൾപ്പെടുത്തരുത്. സർക്കാർപദ്ധതികൾ ഉപേക്ഷിക്കണമെന്നല്ല ഇതിനർത്ഥം. പദ്ധതികൾ ആരംഭിക്കുന്നതിനോ നടപ്പാക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോ എതിരായി ഒരു ഉത്തരവും ഈ കോടതി പാസാക്കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ, ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച് തമിഴ്‌നാട് സർക്കാരിനും ഡിഎംകെയ്‌ക്കും നോട്ടീസയച്ച കോടതി ഹർജിയിൽ തുടർവാദം 13ലേക്ക് മാറ്റി.















