ന്യൂദല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ നടന്നത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും കേസില്‍ കോടതി കുറ്റവിമുക്തയാക്കിയ മുന്‍ ബിജെപി എംപി സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍. ഭോപ്പാലില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ നിരപരാധിത്വം കോടതിവിധി തെളിയിച്ചു. കാവി ഭീകരത ഉയര്‍ത്താന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ്. വോട്ടുബാങ്കിന് വേണ്ടി കേസ് അട്ടിമറിക്കാനും കാവി ഭീകരത സ്ഥാപിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു. കോണ്‍ഗ്രസ് എപ്പോഴും ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു. അവര്‍ ഹൈന്ദവരെ എല്ലാ വിധത്തിലും പീഡിപ്പിച്ചു. ജയിലിലടച്ചു, കള്ളക്കേസുകള്‍ ചുമത്തി. അവര്‍ അതിനെ ഹിന്ദുത്വ ഭീകരത എന്ന് വിളിച്ചു. ഇത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയായിരുന്നു. രാജ്യദ്രോഹക്കുറ്റമായി കണക്കാക്കണമെന്നും സാധ്വി പ്രജ്ഞ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് തുടങ്ങിയവരുടെ പേര് പറഞ്ഞാല്‍ മര്‍ദിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സാധ്വി പ്രജ്ഞാ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പോലീസ് തന്നോട് ചെയ്ത ക്രൂരതകളും സാധ്വി വെളിപ്പെടുത്തി.
പതിനേഴു വര്‍ഷത്തിന് ശേഷമാണ് പ്രജ്ഞാ സിങ് ഉള്‍പ്പെടെ ഏഴ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. കേസ് തെളിയിക്കാന്‍ കൃത്യമായ രേഖകളോ തെളിവുകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ വെറുതെവിട്ടത്.











