വാരാണസി: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. വാരാണസിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുക കൈമാറിയതായി പ്രഖ്യാപിച്ചു. 2,200 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം വാരാണസിയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ചതിനു പ്രതികാരം ചെയ്യുമെന്നു താന്‍ നല്‍കിയ വാഗ്ദാനം നിറവേറ്റി. മഹാദേവന്റെ അനുഗ്രഹത്താലാണ് ഇത് സാധ്യമായതെന്നും ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം മഹാദേവന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
കര്‍ഷകരുടെ അഭിവൃദ്ധിക്കായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. 2019ല്‍ പിഎം കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചപ്പോള്‍, ചില പ്രധാന പ്രതിപക്ഷ കക്ഷികള്‍ തെറ്റായ പ്രചാരണം നടത്തി. തെരഞ്ഞെടുപ്പിനുശേഷം പദ്ധതി നിര്‍ത്തുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു, കൈമാറ്റം ചെയ്യപ്പെടുന്ന പണം തിരികെ എടുക്കുമെന്ന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയാണ് ഇത് പ്രതിഫലിപ്പിച്ചത്. ഒരു ഗഡു പോലും നിര്‍ത്തിയിട്ടില്ല, പദ്ധതി തടസമില്ലാതെ തുടരുകയാണ്. ഇന്നുവരെ, കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കു 3.75 ലക്ഷം കോടി രൂപ കൈമാറി. കിഴിവുകളോ കമ്മിഷനുകളോ ഇല്ലാതെ പണം നേരിട്ട് കര്‍ഷകരില്‍ എത്തുന്നു എന്നതാണ് ഏറ്റവും പ്രധാനം. ഇതു സ്ഥിരം സംവിധാനമാണ്, ഇതില്‍ ചോര്‍ച്ചയുണ്ടാകില്ല. ദരിദ്രരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടില്ല. വിത്ത് മുതല്‍ വിപണി വരെ കര്‍ഷകരോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വദേശി പ്രസ്ഥാനം സാധ്യമാക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഉത്സവ സീസണില്‍ സ്വദേശി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു, ഇത് മഹാത്മാഗാന്ധിക്കുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിപാടിയില്‍ പങ്കുചേര്‍ന്നു.
















