കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയില്‍ വീട്ടമ്മയുടെ മരണം വൈദ്യുതാഘാതമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനത്തിനുള്ളിലെ കൊക്കോ തോട്ടത്തില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.
ബോബിയുടെ കൈയില്‍ വൈദ്യുതാഘാതമേറ്റതിന്റെ പാടുകളുണ്ട്. മരണകാരണം വൈദ്യുതാഘാതമേറ്റെന്ന് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. കോങ്ങാട് വനത്തില്‍ പശുവിനെ മേയ്‌ക്കാന്‍ പോയതായിരുന്നു ബോബി.
ബോബിയുടെ മൃതദേഹത്തിന് സമീപം പശുവിനെയും ചത്തനിലയില്‍ കണ്ടെത്തി. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനാല്‍ അഗ്നിശമന സേനയും വനംവകുപ്പും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങളും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
















