മലപ്പുറം: മഞ്ചേരിയില്‍ ബാങ്കിലേക്ക് പണം കൊണ്ട് പോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കരണത്തടിച്ച പൊലീസ് ഡ്രൈവറെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിനെയാണ് മലപ്പുറം ആംഡ് ഫോഴ്‌സിലേക്ക് മാറ്റിയത്. ഡ്രൈവര്‍ ജാഫറിനാണ് മര്‍ദനമേറ്റത്.
പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെ കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനം തടഞ്ഞ പൊലീസ് സംഘം ഡ്രൈവര്‍ കാക്കി യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് പിഴ ഈടാക്കി. ആദ്യം 250 രൂപയായിരുന്ന പിഴ പിന്നീട് 500 രൂപ ആക്കിയത് കുറച്ചുതരാമോ എന്ന് ഡ്രൈവര്‍ ചോദിച്ചത് പൊലീസ് ഡ്രൈവറായ നൗഷാദിന് പിടിച്ചില്ല. ഇതില്‍ പ്രകോപിതനായി നൗഷാദ് ജാഫറെ മര്‍ദിക്കുകയായിരുന്നു.
ജാഫറിന്റെ കരണത്ത് അടിക്കുന്നതിന്‌റെയും കഴുത്തിനു കുത്തിപ്പിടിക്കുന്നതിന്‌റെയും ദൃശ്യങ്ങള്‍ പിന്നില്‍ കിടന്ന വാഹനത്തിലുള്ളവര്‍ പകര്‍ത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് നടപടി ഉണ്ടായത്. വാഹനം ഓടിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ടവരാണെങ്കിലും പല പൊലീസ് ഡ്രൈവര്‍മാരും അനാവശ്യഇടപെടലുകള്‍ നടത്തുന്നതായി വ്യാപക പരാതിയുണ്ട്.
















