ആലപ്പുഴ: ഏറ്റുമാനൂര്‍ സ്വദേശി ജയ്‌നമ്മ കൊല്ലപ്പെട്ടു എന്നതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് . ഈ കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യനെ ചേര്‍ത്തലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വര്‍ണ്ണം വില്‍പ്പന നടത്തിയ കടയിലും മറ്റുമായിരുന്നു തെളിവെടുപ്പ്. ഈ ആഭരണങ്ങള്‍ ജൈനമ്മയുടേതാണോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തും.
ബിന്ദു പത്മനാഭനെയും ജൈനമ്മയെയും കാണാതായതിനു പുറമേ വാരനാട് സ്വദേശി ഐഷയെ കാണാതായ സംഭവത്തിലും സെബാസ്റ്റ്യന് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി മൊഴിയുണ്ടെങ്കിലും തിരോധാനത്തില്‍ പങ്കുള്ളതായി തെളിവുകളോ മൊഴിയോ ലഭിച്ചിട്ടില്ല. ബിന്ദു പത്മനാഭനെ കാണാതായ കേസിലും സെബാസ്റ്റ്യന്‍ കാര്യമായി പൊലീസിനോട് പ്രതികരിക്കുന്നില്ല. അതേസമയം മൂന്നു പേരുടേയും തിരോധാന കേസുകളില്‍ ഏകീകൃത അന്വേഷണം വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
















