പത്തനംതിട്ട: പള്ളിയോട സേവാ സംഘത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ആറന്മുള ക്ഷേത്രത്തിനകത്ത് പണം വാങ്ങിയുള്ള വള്ളസദ്യ നടത്തിപ്പില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി. ഞായറാഴ്ചത്തെ വള്ള സദ്യയ്‌ക്കായി 250 രൂപ നല്‍കി ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കും.
ക്‌ഷേത്രത്തിനു പുറത്ത് പണം വാങ്ങി വള്ളസദ്യ നടത്തുന്ന രീതിയുണ്ട്. അതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇത്തരം ആചാരപരമല്ലാത്ത വള്ളസദ്യ ക്ഷേത്രത്തിനകത്ത് നടത്താന്‍ തുടങ്ങിയിരുന്നു. ഇതാണ് പള്ളിയോട സേവാ സംഘത്തിന്റെയും ഹൈന്ദവ സംഘടനയുടെയും എതിര്‍പ്പിനു കാരണമായത്. വഴിപാട് ക്രമങ്ങളും ആചാരങ്ങളും പാലിച്ച് വേണം ക്ഷേത്രത്തിനുള്ളില്‍ വള്ളസദ്യ നടത്തേണ്ടത് എന്നാണ് പള്ളിയോട സേവാ സംഘത്തിന്റെ നിലപാട്. ഇതേത്തുടര്‍ന്നാണ് ആചാരം ലംഘിച്ചുള്ള വള്ളസദ്യ നിറുത്തലാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്ന് മന്ത്രിയും അറിയിച്ചു.
















