കിളിമാനൂര്‍ : ഈ ഓണത്തിനും ലൈഫ് പദ്ധതിയുടെ കിളിമാനൂരിലെ കെട്ടിട സമുച്ചയത്തില്‍ ആര്‍ക്കെങ്കിലും താമസിക്കാമെന്ന ആഗ്രഹമുണ്ടെങ്കില്‍ നടക്കില്ല. ഇപ്പോഴും പദ്ധതിയുടെ കെട്ടിട നിര്‍മാണം മുട്ടിലിഴയുകയാണ് . ഒരു കെട്ടിടം അടിത്തറയിലാണെങ്കില്‍, 40 ശതമാനം പണി പൂര്‍ത്തിയായി മറ്റൊരു കെട്ടിടവും ,85 ശതമാനം പൂര്‍ത്തിയായ മറ്റൊരു കെട്ടിടവും മാനം നോക്കി നില്‍ക്കുകയാണ് .എന്ന് പണിതീര്‍ത്ത് ഒരു കെട്ടിടത്തിലെങ്കിലും ഒരു കുടുംബത്തെയെങ്കിലും താമസിപ്പിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ്.
സംസ്ഥാനമാകമാനം ഇടതു ഭരണ കര്‍ത്താക്കളുടെ വാഗ്ദാനങ്ങള്‍ വിവിധ കാര്യങ്ങളില്‍ ജലരേഖയായി കിടക്കുന്നു. അതു പോലെയാണ് ഇവിടത്തെയും ലൈഫ് പദ്ധതിയുടെ അവസ്ഥ . പഞ്ചായത്തും ബ്ലോക്കും ജില്ലയും അടക്കം ത്രിതല പഞ്ചായത്തുകളും സംസ്ഥാനവും ഇടതു പക്ഷം തന്നെയാണ് ഭരിക്കുന്നത് .
നീണ്ട ആറു വര്‍ഷമായി പണി ആരംഭിച്ചിട്ട് .ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 51 കുടുംബങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ വീടൊരുക്കുന്ന ഭവന പദ്ധതിയാണിത്. കിളിമാനൂര്‍ ബ്ലോക്കിലെ എട്ട് പഞ്ചായത്തിലെ ഭവന രഹിതരും ഭൂരഹിതരുമായ പട്ടിക ജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്കായിരുന്നു ഇതിലൂടെ പ്രയോജനം ലഭിക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദ ഉപാധികള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ ഒന്ന് കഴിഞ്ഞ ഓണത്തിന് മുന്‍പായി ഭവന രഹിതര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അടുത്ത ഓണമെത്തിയിട്ടും യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണമെന്നില്ല.
പഴയകുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയാണ് പദ്ധതിക്കായുള്ള നടപടി കൊട്ടിഘോഷിച്ച് തുടങ്ങിയത്. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വിളയ്‌ക്കാട്ടുകോണം ഭാഗത്ത് ആണ് 80 സെന്റ് സ്ഥലം വാങ്ങിയതും അന്നത്തെ മന്ത്രി എ.കെ ബാലന്‍ വന്ന് ആഘോഷപൂര്‍വം തറക്കല്ലിട്ട് പ്രഖ്യാപനവും നടത്തിപോയതും.
3 നിലകളിലായി 3 ബ്ലോക്ക് നിര്‍മ്മിക്കും എന്നായിരുന്നു പ്രഖ്യാപനം. 6.12 കോടി രൂപയാണ് ഇതിനായി നിശ്ചയിച്ചിരുന്നത് .450 സ്‌ക്വയര്‍ മീറ്റര്‍ ഉള്ള ഫഌറ്റുകളാണ് ഓരോ കുടുംബത്തിനും വേണ്ടി നിര്‍മിക്കുക. ഭൂമി വാങ്ങിയത് 64 ലക്ഷം രൂപയ്‌ക്കാണ് .കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വസ്തു വാങ്ങുന്നതിന് 64 ലക്ഷം അനുവദിച്ചത്. 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഭവന സമുച്ചയത്തിന്റെ ആരംഭത്തിനും, ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടര്‍ പ്രവര്‍ത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിച്ചു.
ജൈവ ചുറ്റുമതില്‍, സോളാറില്‍ വൈദ്യുതി, സ്വിമ്മിംഗ് പൂള്‍, അങ്കണവാടി, വിനോദത്തിനും വിജ്ഞാനത്തിനുമായി മിനി ചില്‍ഡ്രസ് പാര്‍ക്ക്, കിന്‍ഡര്‍ ഗാര്‍ഡന്‍ ഇതെല്ലാം ഉള്‍പ്പെട്ടതാണ് ഫ്‌ലാറ്റ് സമുച്ചയം എന്നായിരുന്നു പ്രഖ്യാപനം . രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും 3 കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കേണ്ടി വരും.
കിളിമാനൂര്‍ ഗോവിന്ദ്















