പത്തനംതിട്ട: ‘മുന്നിലുള്ള ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മനസിലാക്കി അനുകമ്പയോടെ ഉടന്‍ തീരുമാനം എടുക്കണം’ എന്ന് പിണറായി വിജയന്‍ പറഞ്ഞത് 2016-ല്‍ മുഖ്യമന്ത്രിയായപ്പോഴാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റില്‍ മാത്രം 3,18,441 ഫയലുകളാണ് കെട്ടഴിക്കാതെ ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്നതെന്ന് ഭരണകക്ഷി യൂണിയനുകള്‍ തന്നെ വ്യക്തമാക്കുന്നു.
ഏറ്റവും അധികം ഫയല്‍ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിലാണ്, 44,360. രണ്ടാംസ്ഥാനത്ത് പൊതുവിദ്യാസ വകുപ്പെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്, 30,591. ഇതു രണ്ടും സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ ആണെങ്കില്‍ മൂന്നാമത് സിപിഐ മന്ത്രിയുടെ റവന്യൂ വകുപ്പാണ്, 22,239. രണ്ടുവര്‍ഷം മുന്‍പ് രണ്ടുഘട്ടമായി സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഫയല്‍ തീര്‍പ്പ് യജ്ഞം നടത്തിയെങ്കിലും 50 ശതമാനം കേസുകള്‍ പോലും പരിഹരിക്കാനായില്ല.
വീണ്ടും ഓഗസ്റ്റ് 31 വരെ ഫയല്‍ അദാലത്ത് നടത്തുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ ഓരോ മാസവും തുറക്കുന്ന ഫയലില്‍ 30 ശതമാനം പോലും അതാത് മാസം തീര്‍പ്പാക്കുന്നില്ല എന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് തൊട്ടുമുന്‍പുള്ള 33,325 ഫയലുകളില്‍ ഇനിയും തീരുമാനമാകാനുണ്ട്. ഇതില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ 7107, വിദ്യാഭ്യാസ വകുപ്പില്‍ 2586, റവന്യുവില്‍ 2262 എന്നിങ്ങനെയാണ് ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത്.
കൂടാതെ സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പില്‍ 225 ഫയലുകളില്‍ ഒന്നുപോലും കഴിഞ്ഞമാസങ്ങളില്‍ പരിഗണിച്ചിട്ടില്ല. ഈ വര്‍ഷം തുറന്ന 46,038 ഫയലുകളാണ് മോക്ഷം കാത്തുകിടക്കുന്നത്.
ചുവപ്പുനാട എന്നത് ജനങ്ങള്‍ ഭയത്തോടെ കാണുന്ന കാര്യമാണെന്നും അത് പൂര്‍ണമായും ഒഴിവാക്കണമെന്നും ഫയലുകള്‍ മരിച്ച രേഖകള്‍ ആകരുതെന്നും ഉദ്യോഗസ്ഥര്‍ പണവും പാരിതോഷികവും കൈപ്പറ്റുന്നത് മാത്രമല്ല ഫയല്‍ വൈകിപ്പിക്കുന്നതും അഴിമതിയായി കണക്കാക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഭരണസിരാകേന്ദ്രത്തില്‍ അതൊന്നും ഭരണകക്ഷി യൂണിയനുകള്‍ പോലും മുഖവിലയ്‌ക്കെടുക്കുന്നില്ല.
















