തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഭൂമി കൈയേറി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്ന പഴയ എകെജി സെന്റര്‍ നിര്‍മിച്ച സംഭവത്തില്‍ നടപടിക്കൊരുങ്ങി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. ഇതു സംബന്ധിച്ച് വിസി ഡോ. മോഹനന്‍ കുന്നുമ്മലില്‍ നിന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. ഗവര്‍ണറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. മിനി കാപ്പനെ വിസി ചുമതലപ്പെടുത്തി. അനധികൃതമായി കൈയേറിയ ഭൂമി സര്‍വകലാശാല തിരികെ ഏറ്റെടുക്കണമെന്ന സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ നിവേദനത്തിന്മേലാണ് ഗവര്‍ണറുടെ നടപടി.
സിപിഎം ആസ്ഥാനമായിരുന്ന എകെജി സെന്റര്‍ നിലവില്‍ എകെജി പഠന ഗവേഷണ കേന്ദ്രമാണ്. അടുത്തിടെയാണ് പുതിയ കെട്ടിടത്തിലേക്ക് പാര്‍ട്ടി ആസ്ഥാനം മാറ്റിയത്. സിപിഎമ്മിന് അനുവദിച്ചത് 15 സെന്റ് ആണെങ്കിലും കേരള സര്‍വകലാശാലയുടെ 55 സെന്റ് ഭൂമി കൈവശമുണ്ടെന്ന് സര്‍വേ വകുപ്പിന്റെയും വഞ്ചിയൂര്‍ വില്ലേജ് ഓഫീസിന്റെയും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വിഷയം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്കിയിരുന്നു. വിസി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.
1977ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 15 സെന്റ് ഭൂമി എകെജി സെന്ററിന് അനുവദിച്ചത്. പിന്നീട് ഈ ഫയല്‍ സെക്രട്ടേറിയറ്റിലെ റവന്യു വകുപ്പില്‍ നിന്നു കാണാതായി. ആര്‍ക്കേവ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഫയല്‍ കണ്ടെത്താനായില്ല. ഇടത് സര്‍ക്കാരിന്റെ കാലത്ത് ഫയല്‍ മുക്കിയെന്നാണ് ആരോപണം.
അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ തണ്ടപ്പേര് പിടിക്കാത്തതിനാല്‍ ഇപ്പോഴും പുറമ്പോക്ക് ഭൂമിയായി വഞ്ചിയൂര്‍ വില്ലേജ് ഓഫിസ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുമൂലം വസ്തുക്കരം സ്വീകരിക്കാന്‍ റവന്യു വകുപ്പ് തയാറായിട്ടുമില്ല. എന്നാല്‍ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പേരില്‍ സിപിഎം 10.33 ലക്ഷം രൂപ കോര്‍പറേഷന് കെട്ടിട നികുതിയായി പ്രതിവര്‍ഷം അടയ്‌ക്കുന്നുണ്ട്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്കിയതും ടിസി നമ്പര്‍ അനുവദിച്ചതും കെട്ടിട നികുതി സ്വീകരിച്ചതും ഗുരുതരമായ കൃത്യവിലോപമാണെന്നും കാമ്പയിന്‍ കമ്മിറ്റിയുടെ നിവേദനത്തില്‍ ആരോപിക്കുന്നു.
















