ആലപ്പുഴ : ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. കണ്ടല്ലൂര്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ താമസിക്കുന്ന മുതുകുളം വടക്ക് ചേപ്പാട് കന്നിമേല്‍ ഷജീന മന്‍സില്‍ ഷാജഹാന് (39), മുതുകുളം തെക്ക് ചിറ്റേഴത്ത് വീട്ടില്‍ ശരത്ത് (ആനശരത്ത് -35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിനുനേരെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്.കായംകുളം കൊറ്റുകുളങ്ങര ഭാഗത്തുവച്ചായിരുന്നു ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബൈക്കില്‍ വന്ന സംഘം ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു.
കനകക്കുന്ന് പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ ആന ശരത്ത് നിരവധി കേസുകളില്‍ പ്രതിയും കാപ്പ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്. ഷാജഹാന് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
















