ന്യൂദല്‍ഹി:ഇന്ത്യയില്‍ നിന്നും ഉറപ്പായും കിട്ടുമായിരുന്ന മധുരഡീല്‍ ട്രംപിന് നഷ്ടമായി. ഏകദേശം 25000 കോടി രൂപ മുതല്‍ 47000 കോടി രൂപ വരെ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഈ പ്രതിരോധ ഡീല്‍ ട്രംപ് ഏറെ കൊതിച്ചതുമാണ്.
എഫ് 35 ഇന്ത്യയെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ മോദിക്ക് മേല്‍ ട്രംപ് ഏറെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 2025 ഫെബ്രുവരിയില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോഴായിരുന്നു ഈ ഡീല്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം നടന്നത്. എട്ട് കോടി ഡോളര്‍ (697 കോടി രൂപ) മുതല്‍ 10 കോടി ഡോളര്‍ (872 കോടി രൂപ) വരെയാണ് ഒരു എഫ് 35 യുദ്ധവിമാനത്തിന്റെ വില. ഏകദേശം 36 മുതല്‍ 54 വരെ എഫ് 35 യുദ്ധജെറ്റുകള്‍ (രണ്ട് മുതല്‍ മൂന്ന് സ്ക്വാഡ്രന്‍ വരെ) വാങ്ങാന്‍ ഇന്ത്യയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു. ഏകദേശം 25000 കോടി രൂപ മുതല്‍ 47000 കോടി രൂപ വരെ ചെലവാക്കാനും ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാല്‍ എഫ് 35 യുദ്ധ ജെറ്റ് വേണ്ടെന്ന തീരുമാനത്തിലൂടെ ഇത്രയും മികച്ച ഡീല്‍ ആണ് ട്രംപിന് നഷ്ടമായത്.
ഒരു അഞ്ചാം തലമുറ യുദ്ധവിമാനമാണ് എഫ് 35. ചൈനയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ഇത്തരം ഒരു യുദ്ധവിമാനം ഇന്ത്യയുടെ പ്രതിരോധത്തിനും ആവശ്യമെങ്കില്‍ ആക്രമണത്തിനും അത്യാവശ്യമായിരുന്നു. പലപ്പോഴും രണ്ടു രാജ്യങ്ങള്‍ പരസ്പരം ആക്രമിക്കേണ്ടെന്ന് തീരുമാനിക്കുന്നതിന് പിന്നില്‍ എതിരാളിയുടെ കയ്യില്‍ കൂടുതല്‍ കരുത്തുള്ള ആയുധമുണ്ട് എന്നതിനാലാണ്. അവിടെയാണ് എഫ് 35 ഇന്ത്യയ്‌ക്ക് സഹായകരമാകുമായിരുന്നത്.
ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു നാലാം തലമുറ യുദ്ധവിമാനം പോലും ഇതുവരെയും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഈയിടെയാണ് അമേരിക്കയിലെ ജനറല്‍ ഇലക്ട്രികില്‍ നിന്നും ലൈറ്റ് കോംബാറ്റ് യുദ്ധവിമാനം നിര്‍മ്മിക്കുന്നതിനുള്ള എഞ്ചിന്‍ എച്ച് എ എല്ലിന് ലഭിച്ചത്. അതും രണ്ട് എഫ് 404 എഞ്ചിനുകള്‍ മാത്രം. ഒരു 4.5 തലമുറ യുദ്ധവിമാനം ഉണ്ടാക്കാന്‍ മാത്രമേ ഈ എഫ് 404 എഞ്ചിന്‍ കൊണ്ട് സാധ്യമാകൂ. ഇത്രയും മികച്ച ഡീല്‍ ആണ് ട്രംപിന് നഷ്ടമായത്. അതായത് ഒരു വലിയ സാമ്പത്തിക തിരിച്ചടിയാണ് ട്രംപിന് ലഭിച്ചത് എന്നര്‍ത്ഥം.
കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയുടെ നിലപാടുകളില്‍ മാറ്റമുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ശേഷം, അത് പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ ആക്രമണമാണെന്ന് അറിഞ്ഞിട്ടും പരസ്യമായി അപലപിക്കാതിരുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും നിലപാട് ഇന്ത്യയ്‌ക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. അതാണ് പഹല്‍ഗാം ആക്രമണത്തിന് ശേഷം യൂറോപ്യന്‍ പര്യടനത്തിന് പോയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ ചില നഗ്നസത്യങ്ങള്‍ തുറന്നുപറഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരിട്ട് മുറിവേറ്റാല്‍ മാത്രം ഭീകരതയെ അപലപിക്കുകയും മറ്റു ചെറിയ രാജ്യങ്ങള്‍ ഭീകരതയുടെ തിരിച്ചടി നേരിട്ടാല്‍ അതിനെ അപലപിക്കാതിരിക്കുകയും ചെയ്യുന്ന അവരുടെ ഇരട്ടത്താപ്പിനെ ജയശങ്കര്‍ ആ പര്യടനത്തില്‍ ചോദ്യം ചെയ്തിരുന്നു. അതുപോലെ റഷ്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ധനം വാങ്ങാം, ഇന്ത്യയ്‌ക്ക് അത് പാടില്ല എന്ന ഇരട്ടത്താപ്പിനെയും ഇന്ത്യ ചോദ്യംചെയ്യുകയാണ്.
പഹല്‍ ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യയും ട്രംപും തമ്മിലുളള ബന്ധത്തിലെ വിള്ളലുകളും എഫ് 35 വാങ്ങേണ്ടെന്ന ഇന്ത്യയുടെ തീരുമാനത്തിന് ഒരു കാരണമായിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിയത് തന്റെ ഇടപെടല്‍ കാരണമാണെന്ന് ട്രംപ് നുണപറഞ്ഞതിലും ഇന്ത്യയ്‌ക്ക് വലിയ പ്രതിഷേധമുണ്ട്. ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം വ്യാപാരതീരുവ ഏര്‍പ്പടുത്തി ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിക്ക് തിരിച്ചടി നല്‍കിയ ട്രംപിന്റെ തീരുമാനത്തിലും ഇന്ത്യയ്‌ക്ക് പ്രതിഷേധമുണ്ട്. മാത്രമല്ല, ഇന്ത്യയുടെ സമ്പദ് ഘടന ഒരു മരിച്ച സമ്പദ്ഘടനയാണെന്നും ആ സമ്പദ്ഘടനയെ തകര്‍ക്കാന്‍ തനിക്കാവുമെന്നുമുള്ള ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ വെല്ലുവിളിയും ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം എഫ് 35 അമേരിക്കയുടെ കയ്യില്‍ നിന്നും വാങ്ങേണ്ടെന്ന തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: